രേണുക വേണു|
Last Modified തിങ്കള്‍, 5 ജൂലൈ 2021 (08:49 IST)
വൈവിധ്യമാര്‍ന്ന നൂറുകണക്കിനു കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ നടനാണ് മമ്മൂട്ടി. ചരിത്ര സിനിമകളും ആത്മകഥാംശമുള്ള സിനിമകളും ചെയ്യുമ്പോള്‍ വിഖ്യാത സംവിധായകരുടെയെല്ലാം ആദ്യ ചോയ്‌സ് മമ്മൂട്ടിയായിരുന്നു. അതിലൊന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത മതിലുകള്‍. വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതം സിനിമയാക്കിയപ്പോള്‍ മമ്മൂട്ടിയാണ് ബീറിനെ അവതരിപ്പിച്ചത്. മതിലുകളിലെ അഭിനയത്തിനു മമ്മൂട്ടി നിരവധി പുരസ്‌കാരങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തു.
വൈക്കം മുഹമ്മദ് ബഷീറിന്റെ 27-ാം ചരമവാര്‍ഷികമാണ് ഇന്ന്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഓണ്‍ലൈനായാണ് ഇത്തവണ വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം നടക്കുന്നത്. 'നമ്മള്‍ ബേപ്പൂര്‍' എന്ന ബഷീര്‍ അനുസ്മരണ പരിപാടിയില്‍ നടന്‍ മമ്മൂട്ടിയും സന്നിഹിതനായിരുന്നു. പരിപാടിക്കിടെ മമ്മൂട്ടി ബഷീറിന്റെ കൃതിയില്‍ നിന്ന് ഒരു ഭാഗം വായിച്ചു. താന്‍ അഭിനയിച്ച മതിലുകളില്‍ നിന്നുള്ള ഒരു ഭാഗമാണ് മമ്മൂട്ടി വായിച്ചത്.
മമ്മൂട്ടിയുടെ വാക്കുകള്‍:
'മരണശേഷവും എഴുതികൊണ്ടിരിക്കുന്ന എഴുത്തുകാരന്‍ എന്ന് ബഷീറിനെ വിശേഷിപ്പിക്കാറുണ്ട്. മണ്‍മറഞ്ഞുപോയി 27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന എഴുത്തുകാരന്‍ ബഷീര്‍ തന്നെയാണ്..വൈക്കം മുഹമ്മദ് ബഷീര്‍. വൈക്കം എന്റെ കൂടെ ജന്മനാടാണ്. ഞാനും വൈക്കം മുഹമ്മദ് ബഷീറും അല്ലാതെ പ്രഗത്ഭരായ ഒരുപാട് വൈക്കത്തുകാരുണ്ട്. എഴുത്തുകാരന്‍ ആയിരുന്നെങ്കില്‍ ഞാന്‍ വൈക്കം മുഹമ്മദ്കുട്ടി ആയിരുന്നിരിക്കാം (മമ്മൂട്ടി ചിരിക്കുന്നു). ഞാന്‍ എപ്പോഴും എന്നും ഒരു വായനക്കാരനായിരുന്നു. ബാല്യകാലസഖിയിലെ മജീദായും മജീദിന്റെ ബാപ്പയായും ഞാന്‍ അഭിനയിച്ചു. അതിനുമുന്‍പ് മതിലുകളില്‍ ബഷീര്‍ ആയി തന്നെ അഭിനയിക്കാനും ഭാഗ്യം ലഭിച്ചു,'
ഇത്രയും പറഞ്ഞശേഷം ബഷീര്‍ കൃതിയായ മതിലുകളുടെ അവസാന പേജ് മമ്മൂട്ടി വായിച്ചു. കൃതി വായിച്ച ശേഷം വീണ്ടും ബഷീറായി അഭിനയിക്കാനുള്ള ആഗ്രഹം മമ്മൂട്ടി പങ്കുവച്ചു. 'ഈ സീനുകളൊക്കെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഇത് വായിച്ചപ്പോള്‍ നടനെന്ന നിലയില്‍ വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹമുണ്ടായി,' മമ്മൂട്ടി പറഞ്ഞു.