ന്യൂഡല്‍ഹി|
JOYS JOY|
Last Modified തിങ്കള്‍, 22 ഫെബ്രുവരി 2016 (10:34 IST)
എല്ലാ സൌകര്യങ്ങളുമുള്ള സ്മാര്‍ട് ഫോണ്‍
251 രൂപയ്ക്ക് വില്‍ക്കാന്‍ തയ്യാറായി എത്തിയപ്പോള്‍ തന്നെ എല്ലാവരുടെയും നോട്ടപ്പുള്ളിയാണ് മോഹിത് ഗോയല്‍. ഓണ്‍ലൈനില്‍ ഇതുവരെ 25 ലക്ഷം ആളുകളാണ് ‘ഫ്രീഡം 251’ സ്മാര്‍ട് ഫോണ്‍ ബുക്ക് ചെയ്തത്. ഇതോടെ, നോയിഡയിലുള്ള മോഹിതിന്റെ ഓഫീസിലേക്ക് നികുതിവകുപ്പില്‍ നിന്നും പൊലീസില്‍ നിന്നും ദിനംപ്രതി പരിശോധന നടത്തുകയാണ്. എന്നാല്‍, ഞെട്ടിക്കുന്ന വിലയ്ക്ക് താന്‍ ഫോണ്‍ വില്‍ക്കുക മാത്രമല്ല ചെയ്യുന്നതെന്നും ഓരോ 251 രൂപയുടെ ഫോണില്‍ നിന്നും തനിക്ക് 31 രൂപ ലാഭമുണ്ടെന്നുമാണ് മോഹിത് ഗോയല്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
“എന്തിനാണ് എന്നെ വേട്ടയാടുന്നത്? ഞാന്‍ എന്തു തെറ്റാണ് ചെയ്തത്” - ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച് അഭിമുഖത്തില്‍ മോഹിത് ചോദിച്ചു. ഏപ്രില്‍ 15 മുതല്‍ ഉപഭോക്താക്കള്‍ക്ക് ഫോണ്‍ എത്തിച്ചു കൊടുക്കല്‍ ആരംഭിക്കുമെന്നും മോഹിത് പറഞ്ഞു.
“എനിക്കെതിരെയോ എന്റെ കമ്പനിക്ക് എതിരെയോ ആദായനികുതി വകുപ്പില്‍ കേസ് ഒന്നുമില്ല. ഒരു പൊലീസ് സ്റ്റേഷനിലും തനിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ല. എന്നിട്ടും പണം കൊണ്ട് കടന്നുകളയുന്നവന്‍ എന്ന് എന്നെ വിളിക്കുന്നു. മൂല്യമുള്ള ഒരു വ്യവസായം തുടങ്ങാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് വ്യക്തമായ പദ്ധതി തന്റെ കൈവശം ഉണ്ട്” - ഗോയല്‍ വ്യക്തമാക്കി.
ആദ്യം ബുക്ക് ചെയ്ത 25 ലക്ഷം ആളുകള്‍ക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ഫോണ്‍ എത്തിക്കുക എന്നും ജൂണ്‍ 30നു മുമ്പ് ആദ്യഘട്ട ഫോണ്‍ വിതരണം പൂര്‍ത്തിയാക്കുമെന്നും മോഹിത് ഗോയല്‍ വ്യക്തമാക്കി.
രണ്ട് സിംകാര്‍ഡുകള്‍ ഒരേസമയം ഉപയോഗിക്കാവുന്ന ഫ്രീഡം 251 സ്മാര്‍ട് ഫോണിന് നാല് ഇഞ്ച് ഡിസ്പ്ലേ, 1 ജിബി റാം, 8ജിബി ഇന്റേണല്‍ മെമ്മറി, ഫ്രണ്ട് - ബാക്ക് ക്യാമറ, 1.3 ജി എച്ച് ഇസഡ് ക്വാഡ് - കോര്‍ പ്രൊസസര്‍ എന്നീ സൌകര്യങ്ങളും ഉണ്ട്. ഫോണിനൊപ്പം ചാര്‍ജര്‍, ഹെഡ്‌ഫോണ്‍, ഒരു വര്‍ഷം വാറന്റി എന്നിവയും ലഭിക്കും.