നെല്‍വിന്‍ വില്‍സണ്‍|
Last Modified വെള്ളി, 21 മെയ് 2021 (08:26 IST)
ബ്ലാക്ക് ഫംഗസിനു പിന്നാലെ ഇന്ത്യയിലെ ആരോഗ്യരംഗത്തിനു ഭീഷണിയായി വൈറ്റ് ഫംഗസ് രോഗബാധ. ബിഹാറിലെ പാറ്റ്‌നയിലാണ് വൈറ്റ് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ഫംഗസിനേക്കാള്‍ ഗുരുതര രോഗമാണ് വൈറ്റ് ഫംഗസ് എന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ പാറ്റ്‌നയിലല്ലാതെ മറ്റെവിടെയും വൈറ്റ് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല.
പ്രതിരോധശേഷി കുറവുള്ളവരിലാണ് വൈറ്റ് ഫംഗസ് കണ്ടുവരുന്നത്. വെള്ളത്തില്‍ നിന്നും വൈറ്റ് ഫംഗസ് പടരുമെന്നാണ് പ്രാഥമിക പഠനം. കോവിഡ് ലക്ഷണങ്ങള്‍ തന്നെയായിരിക്കും വൈറ്റ് ഫംഗസ് ബാധിച്ചവരിലും ആദ്യം കാണുക. എന്നാല്‍, കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിരിക്കും. സിടി സ്‌കാന്‍, എക്‌സ് -റേ എന്നിവ വഴിയാണ് വൈറ്റ് ഫംഗസ് രോഗബാധ കണ്ടെത്താന്‍ സാധിക്കുക.
കരളിനെ മാത്രമല്ല വൈറ്റ് ഫംഗസ് ബാധിക്കുക. തലച്ചോര്‍, കിഡ്‌നി, ഉദരം, ത്വക്ക്, നഖങ്ങള്‍, വായ, മറ്റ് സ്വകാര്യ ഭാഗങ്ങള്‍ എന്നിവയെയും വൈറ്റ് ഫംഗസ് ബാധിക്കും.
കോവിഡ് രോഗികളെ വൈറ്റ് ഫംഗസ് അതിവേഗം ബാധിക്കും. പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹരോഗികള്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവരെയെല്ലാം വൈറ്റ് ഫംഗസ് ബാധിക്കാന്‍ സാധ്യതയുണ്ട്.