നെല്‍വിന്‍ വില്‍സണ്‍|
Last Modified വ്യാഴം, 20 മെയ് 2021 (12:14 IST)
ടൗട്ടെ ചുഴലിക്കാറ്റിനു പിന്നാലെ 'യാസ്' ചുഴലിക്കാറ്റ് ഇന്ത്യയെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. മേയ് 26 ഓടെ യാസ് ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.
ബംഗാള്‍ ഉള്‍ക്കടലില്‍ മേയ് 22 ഓടെ ഒരു ന്യൂനമര്‍ദം രൂപപ്പെടും. ഈ ന്യൂനമര്‍ദം 72 മണിക്കൂറുകള്‍ക്കുള്ളില്‍ യാസ് ചുഴലിക്കാറ്റായി രൂപംപ്രാപിക്കാനാണ് സാധ്യത. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, ഒഡിഷ, പശ്ചിമ ബംഗാള്‍, ആസം, മേഘാലയ എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരളത്തിലും യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ മഴ ലഭിച്ചേക്കും.
യാസ് എത്രത്തോളം ശക്തിയുള്ളതാകുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കില്ലെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. കടലിനു മീതെ സിസ്റ്റം വേഗത്തില്‍ സഞ്ചരിക്കുന്നതായാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.
ഒഡിഷയില്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. ഒഡിഷ തീരത്താണോ ചുഴലിക്കാറ്റ് കരതൊടുക എന്ന് വ്യക്തമായിട്ടില്ല. എന്നാല്‍, മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മേയ് 24 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകും. ഭീമന്‍ തിരമാലകള്‍ക്ക് സാധ്യത.