What is Cabinet Minister Rank: മോഹിച്ചു, പക്ഷേ കിട്ടിയില്ല! എന്താണ് സുരേഷ് ഗോപി ആഗ്രഹിച്ച കാബിനറ്റ് മന്ത്രിസ്ഥാനം?

അതായത് കേരളത്തില്‍ നിന്ന് ആദ്യമായി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി അംഗമായ സുരേഷ് ഗോപിക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ജോര്‍ജ് കുര്യനും ലഭിക്കുന്നത് ഒരേ പദവിയാണ്

Suresh Gopi
Suresh Gopi
രേണുക വേണു| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (13:12 IST)

What is Rank: മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരെല്ലാം ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനുമാണ് കേന്ദ്രമന്ത്രിസഭയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇരുവര്‍ക്കും സഹമന്ത്രി സ്ഥാനം ലഭിക്കാനാണ് സാധ്യത. അതേസമയം കാബിനറ്റ് റാങ്കുള്ള മന്ത്രിസ്ഥാനമാണ് സുരേഷ് ഗോപി ആഗ്രഹിച്ചത്. അല്ലെങ്കില്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സ്വതന്ത്ര മന്ത്രിസ്ഥാനം വേണമെന്നായിരുന്നു നിലപാട്. ഇത് രണ്ടും സുരേഷ് ഗോപിക്ക് ലഭിച്ചിട്ടില്ല.

കേരളത്തില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗമായതിനാല്‍ സുരേഷ് ഗോപിക്ക് മന്ത്രിസഭയില്‍ കൂടുതല്‍ പരിഗണന ലഭിക്കുമെന്ന് കേരളത്തിലെ ബിജെപി നേതൃത്വവും പ്രതീക്ഷിച്ചിരുന്നു. പ്രധാനമന്ത്രി കഴിഞ്ഞാല്‍ കാബിനറ്റ് പദവിയുള്ള മന്ത്രിമാര്‍ക്കാണ് കൂടുതല്‍ അധികാരം. സുപ്രധാന വകുപ്പിന്റെ ചുമതലയുള്ളവരെയാണ് കാബിനറ്റ് മന്ത്രി എന്ന് അറിയപ്പെടുക. ഉദാഹരണത്തിനു കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിര്‍മല സീതാരാമന്‍ തുടങ്ങിയവരെല്ലാം കാബിനറ്റ് റാങ്കുള്ള മന്ത്രിമാരാണ്.

കാബിനറ്റ് റാങ്കുള്ള മന്ത്രിമാരാണ് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കേണ്ടത്. ഓരോ വകുപ്പുകളുടേയും പൂര്‍ണ ചുമതലയുള്ള മന്ത്രിമാര്‍ ആയതിനാല്‍ ആ വകുപ്പിലെ സുപ്രധാന തീരുമാനങ്ങള്‍ ഇവരാണ് എടുക്കുക. കാബിനറ്റ് മന്ത്രി കഴിഞ്ഞാല്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സ്വതന്ത്ര മന്ത്രിമാര്‍ക്കാണ് അധികാരം. അതിനു ശേഷമാണ് 'മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ്' എന്ന പദവി വരുന്നത്. ഇതാണ് നിലവില്‍ സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനും ലഭിച്ചിരിക്കുന്നത്. ഏതെങ്കിലും വകുപ്പിന്റെ സഹമന്ത്രിസ്ഥാനം ആയിരിക്കും ഇരുവര്‍ക്കും ലഭിക്കുക. വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് മന്ത്രിമാരുടെ സഹമന്ത്രിമാര്‍ ആയിരിക്കും ഇവര്‍.

ഉദാഹരണത്തിനു കേരളത്തില്‍ നിന്നുള്ള ബിജെപി നേതാവായ വി.മുരളീധരന്‍ കഴിഞ്ഞ മന്ത്രിസഭയില്‍ വിദേശകാര്യ സഹമന്ത്രി ആയിരുന്നു. വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന കാബിനറ്റ് മന്ത്രിയായ എസ്.ജയശങ്കറിനു കീഴില്‍ ആയിരുന്നു മുരളീധരന്‍. സമാന രീതിയില്‍ ആയിരിക്കും സുരേഷ് ഗോപിക്കും ഏതെങ്കിലും വകുപ്പിന്റെ സഹമന്ത്രിസ്ഥാനം ലഭിക്കുക. മാത്രമല്ല സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും താഴെയാണ് കേന്ദ്ര സഹമന്ത്രിമാരുടെ സ്ഥാനം. അതായത് കേരളത്തില്‍ നിന്ന് ആദ്യമായി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി അംഗമായ സുരേഷ് ഗോപിക്കും തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ജോര്‍ജ് കുര്യനും ലഭിക്കുന്നത് ഒരേ പദവിയാണ്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :