രേണുക വേണു|
Last Modified ബുധന്‍, 29 ജൂണ്‍ 2022 (12:56 IST)
രാജസ്ഥാന്‍ ഉദയ്പൂരില്‍ സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ കഴുത്തറുത്തു കൊലപ്പെടുത്തിയ പ്രതികള്‍ക്കു ഭീകരബന്ധമുണ്ടെന്നു സൂചന. പ്രതികള്‍ക്കു ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രതികളെ ചോദ്യം ചെയ്യാന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) ഉദയ്പൂരില്‍ എത്തി.
ഉദയ്പൂരില്‍ കനയ്യ ലാല്‍ ടേലി (40) എന്നയാളാണു കൊല ചെയ്യപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഗൗസ് മുഹമ്മദ്, റിയാസ് അഖ്താരി എന്നിവര്‍ പിടിയിലായിരുന്നു. ഉദയ്പൂരിലെ കൊലപാതകത്തെ ഭീകരപ്രവര്‍ത്തനമായാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്. റിയാസ് അഖ്താരി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലാണ് ഐഎസ് സൂചനയുള്ളതെന്നു ദേശീയമാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിക്കുകയും 24 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് വിഛേദിക്കുകയും ചെയ്തു. അറുന്നൂറോളം പൊലീസുകാരെ സംഭവസ്ഥലത്തും സമീപപ്രദേശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. ഏഴ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. സംസ്ഥാനത്തെ പരക്കെ അക്രമങ്ങള്‍ക്ക് സാധ്യതയുണ്ട്. കൊലപാതക ദൃശ്യങ്ങളുടെ വിഡിയോ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണയ്ക്കുന്ന സന്ദേശം ധന്‍മണ്ഡിയില്‍ സുപ്രീം ടെയ്ലേഴ്‌സ് എന്ന തയ്യല്‍ കട നടത്തിയിരുന്ന കനയ്യ ലാല്‍ ഏതാനും ദിവസം മുന്‍പു പങ്കുവച്ചതായി ചിലര്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് കനയ്യ ലാലിനെ പൊലീസ് വിളിച്ചുവരുത്തി താക്കീതു ചെയ്തു. ഇതിനുശേഷം കനയ്യലാലിനു ചില സംഘടനകളില്‍നിന്നു ഭീഷണിയുണ്ടായിരുന്നതായി പൊലീസ് പറയുന്നു.