മദ്യലഹരിയില്‍ വയര്‍ലെസ് സെറ്റ് മോഷ്‌ടിച്ച് സന്ദേശമയച്ചു; പുലിവാല് പിടിച്ച് പൊലീസ് - യുവാക്കള്‍ പിടിയില്‍

  alcoholism , techies , police wireless , മദ്യലഹരി , വയര്‍ലെസ് സെറ്റ് , പൊലീസ് , യുവാക്കള്‍
ചെന്നൈ| Last Modified ബുധന്‍, 21 ഓഗസ്റ്റ് 2019 (18:03 IST)
മദ്യലഹരിയിൽ പൊലീസ് വയര്‍ലെസ് സെറ്റ് മോഷ്‌ടിച്ച് സന്ദേശമയച്ച രണ്ട് യുവാക്കള്‍ അറസ്‌റ്റില്‍. ചെന്നൈ പോരൂരിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന വരുൺരാജ് (25), അജിത് (25) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വിരുഗമ്പാക്കം ആർകോട് റോഡിൽ കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു സംഭവം. നിശാപാർട്ടി കഴിഞ്ഞ് പുലർച്ചെ മൂന്നോടെ രാമപുരത്തെ താമസസ്ഥലത്തേക്ക് മടങ്ങിയ യുവാക്കള്‍ വൽസരവാക്കം സിഗ്നലിനടുത്തുള്ള തട്ടുകടയില്‍ ചായ കുടിക്കാന്‍ ബൈക്ക് നിര്‍ത്തി.

ഈ സമയം നൈറ്റ് പെട്രോളിംഗ് സംഘവും കടയിലെത്തി. ഇതോടെ പരിഭ്രാന്തരായ യുവാക്കള്‍ ബൈക്കില്‍ കയറി പോകാനൊരുങ്ങുമ്പോള്‍ പൊലീസ് ജീപ്പിൽ ബൈക്ക് ഉരസി. ഇരുവരെയും ഉടന്‍ തന്നെ പൊലീസ് തടഞ്ഞു. പരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയതോടെ ഇരുവരെയും പൊലീസ് ജീപ്പില്‍ കയറ്റി.

ജീപ്പില്‍ ഇരിക്കുന്നതിനിടെ വരുൺ ജീപ്പിലിരുന്ന വയർലെസ് സെറ്റ് കൈക്കലാക്കി തെറ്റു ചെയ്യാഞ്ഞിട്ടും പൊലീസ് തങ്ങളെ പിടിച്ചുവെച്ചിരിക്കുന്നുവെന്ന് സന്ദേശമയച്ചു. കൺട്രോൾ റൂമിലുൾപ്പെടെ സന്ദേശമെത്തിയതോടെ വയർലെസ് സെറ്റിന്റെ ഉടമയായ പൊലീസുകാരരെ ഉടന്‍ വിവരമറിയിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വരുണാണ് സന്ദേശം കൈമാറിയതെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ മദ്യലഹരിയില്‍ ചെയ്‌തതാണെന്നും കേസ് എടുക്കരുതെന്നും യുവാക്കള്‍ പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. കേസെടുത്ത ശേഷം യുവാക്കളെ പൊലീസ് ജാമ്യത്തില്‍ വിട്ടു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :