Last Updated:
ശനി, 14 സെപ്‌റ്റംബര്‍ 2019 (11:12 IST)
പൗരന്മാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ആലോചനയുണ്ടെങ്കില്‍ എത്രയും വേഗം വിവരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ദീപക് ഗുപ്ത തലവനായ ബെഞ്ചാണ് വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാറിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.
സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനോ ആധാറുമായി ബന്ധിപ്പിക്കാനോ എന്തെങ്കിലും നയം കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ടെങ്കില്‍ സെപ്റ്റംബര്‍ 24നകം വിവരം നല്‍കണമെന്ന് ബെഞ്ച് വ്യക്തമാക്കി. ഈ വിഷയത്തിൽ വിവിധ കോടതികളിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ഫേസ്ബുക്കിന്‍റെ അപേക്ഷയിലാണ് സുപ്രീം കോടതി കേന്ദ്രത്തോട് വിവരം ആരാഞ്ഞത്.
കേന്ദ്ര സര്‍ക്കാരിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയിൽ ഹാജരായി. സമാനമായ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ ഫേസ്ബുക്കിന്‍റെ അപേക്ഷയെ തമിഴ്നാട് എതിര്‍ത്തു. സോഷ്യല്‍മീഡിയയെ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ രണ്ട് പരാതിയും ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ ഓരോ പരാതിയുമാണ് നിലനില്‍ക്കുന്നത്.
രാജ്യത്തെ വിവിധ ഹൈക്കോടതികളില്‍നിന്ന് വ്യത്യസ്ത അഭിപ്രായം വരുന്നത് ഒഴിവാക്കാനാണ് കേസ് സുപ്രീം കോടതി പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.