ന്യൂഡല്‍ഹി|
Last Modified ഞായര്‍, 2 നവംബര്‍ 2014 (10:56 IST)
ഹരിയാനയിലെ ഭൂമിയിടപാടിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയുടെ രോഷപ്രകടനം. ഡല്‍ഹിയിലെ അശോക ഹോട്ടലില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. വദ്ര കോപത്തോടെ മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് തട്ടി മാറ്റുന്ന ദൃശ്യം പുറത്ത് വന്നു. എഎന്‍ഐയുടെ റിപ്പോര്‍ട്ടര്‍ക്ക് നേരേയായിരുന്നു വദ്രയുടെ അധിക്ഷേപം.
വദ്രയുള്‍പ്പെട്ട ഭൂമിയിടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ച കാര്യം ചോദിച്ചപ്പോഴാണ് വദ്ര കോപാകുലനായത്. മൈക്ക് തട്ടിമാറ്റി മുന്നോട്ട് കുതിച്ച വദ്ര തന്റെ ബോഡി ഗാര്‍ഡിനോട് ക്യാമറ വാങ്ങി ദൃശ്യങ്ങള്‍ മായ്ച്ചുകളയാനും ആവശ്യപ്പെടുന്നുണ്ട്.
വദ്രയ്‌ക്കെതിരെ പോലീസില്‍ കേസ് കൊടുക്കണമോ എന്ന് പത്രപ്രവര്‍ത്തക യൂണിയനുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് എഎന്‍ഐ റിപ്പോര്‍ട്ടര്‍ പറഞ്ഞു.
2008-2011 കാലയളവില്‍ ബിക്കാനീര്‍ ആസ്ഥാനമായുള്ള വദ്രയുടെ കമ്പനി ഹരിയാനയില്‍ ഇരുപതിടത്തായി 770 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് ആരോപണം. വന്‍വിലയുള്ള ഭൂമിയാണ് വദ്ര വാങ്ങിയത്. സര്‍ക്കാര്‍ വ്യവസായ പദ്ധതികള്‍ക്കായി നീക്കിവെച്ച ഭൂമിയായിരുന്നു അവ.
സൗരോര്‍ജപദ്ധതി, വാവാസിയില്‍ 45,000 കോടി മുതല്‍മുടക്കുള്ള സിലിക്കോണ്‍ ചിപ്പ് പദ്ധതി, കൊലയാട്ടിലെ പവര്‍ഗ്രിഡ് സബ്‌സ്‌റ്റേഷന്‍ എന്നിവയ്ക്കായി നീക്കിവെച്ച സ്ഥലങ്ങളും വദ്ര വാങ്ങിക്കൂട്ടിയതില്‍ ഉള്‍പ്പെടുന്നു. വദ്രയുടെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി, സ്‌കൈലൈറ്റ് റിയാലിറ്റി, റിയല്‍ എര്‍ത്ത് എസ്‌റ്റേറ്റ്, നോര്‍ത്ത് ഇന്ത്യ ഐടി പാര്‍ക്ക്, ബ്ലൂബ്രീസ് ട്രേഡിംഗ് എന്നീ കമ്പനികളാണ് സ്ഥലം വാങ്ങിയത്.