ചെന്നൈ|
aparna shaji|
Last Modified ചൊവ്വ, 8 മാര്‍ച്ച് 2016 (14:39 IST)
രാജീവ്ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് മദ്രാസ് ഹൈക്കോടതി 24 മണിക്കൂര്‍ പരോള്‍ അനുവദിച്ചു. ഫെബ്രുവരി 24ന് മരണമടഞ്ഞ പിതാവ് ശങ്കരനാരായണൻന്റെ മരണാനന്തര കർമങ്ങളിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണ് കോടതി പരോൾ അനുവദിച്ചത്.
അച്ഛന്റെ അടിയന്തിര ചടങ്ങുകളിൽ പങ്കെടുക്കാനായി മൂന്ന് ദിവസം വീട്ടിൽ നിൽക്കാൻ അനുവദിക്കണമെന്ന് കോടതിയോട് നളിനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലീസിന്റെ സുരക്ഷാ വലയത്തിൽ നിന്നുകൊണ്ട് 24 മണിക്കൂർ നേരത്തേക്ക് ചടങ്ങിൽ പങ്കെടുക്കാമെന്നായിരുന്നു കോടതി അറിയിച്ചത്. ജസ്റ്റിസ് ആര്‍ മാലയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.
പിതാവ് മരിച്ചപ്പോൾ ഫെബ്രുവരി 24 ന് 12 മണിക്കൂര്‍ പരോള്‍ നളിനിക്ക് അനുവദിച്ചിരുന്നു. എന്നാൽ അടിയന്തിരകർമം നടത്തുന്ന ചടങ്ങിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച വൈകിട്ട് നാല് മണി മുതല്‍ ബുധനാഴ്ച വൈകിട്ട് നാല് വരെയാണ് പരോൾ അനുവദിച്ചിരിക്കുന്നത്.
രാജീവ്ഗാന്ധി വധക്കേസിൽ തമിഴ്‌നാട്ടിലെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ് നളിനി.