Rahul Gandhi: വയനാട് ഉപതിരഞ്ഞെടുപ്പിന് സാധ്യത; ഇനി ശരണം സുപ്രീം കോടതി

സുപ്രീം കോടതിയില്‍ നിന്നും രാഹുലിന് തിരിച്ചടി ലഭിച്ചാല്‍ വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കും

രേണുക വേണു| Last Modified വെള്ളി, 24 മാര്‍ച്ച് 2023 (21:19 IST)

Rahul Gandhi: രാഹുല്‍ ഗാന്ധി എംപി സ്ഥാനത്തു നിന്ന് അയോഗ്യനായതോടെ വയനാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചതോടെയാണ് എംപി സ്ഥാനത്തുനിന്ന് പാര്‍ലമെന്റ് അദ്ദേഹത്തെ അയോഗ്യനാക്കിയത്. സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഗാന്ധിക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ അവസരമുണ്ട്. ഈ വിഷയത്തില്‍ അപ്പീല്‍ നല്‍കാനുള്ള സമയം സൂറത്ത് കോടതി രാഹുലിന് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മേല്‍ക്കോടതിയെ സമീപിക്കും മുന്‍പ് രാഹുലിനെതിരെ ലോക്‌സഭ സെക്രട്ടറിയറ്റ് നടപടി സ്വീകരിക്കുകയായിരുന്നു.

രാഹുല്‍ അയോഗ്യനായ സാഹചര്യത്തില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. സുപ്രീം കോടതിയാണ് രാഹുലിന് ഇനി ശരണം. സൂറത്ത് കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങാന്‍ സാധിച്ചാല്‍ രാഹുലിന്റെ അയോഗ്യത ലോക്‌സഭാ സെക്രട്ടറിയറ്റ് തന്നെ നീക്കും. മുപ്പത് ദിവസത്തിനുള്ളില്‍ തനിക്കെതിരെയുള്ള സൂറത്ത് കോടതിയുടെ വിധി അന്യായമാണെന്ന് തെളിയിക്കാന്‍ രാഹുലിന് സാധിക്കണം.

സുപ്രീം കോടതിയില്‍ നിന്നും രാഹുലിന് തിരിച്ചടി ലഭിച്ചാല്‍ വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കും. മറ്റൊരു നേതാവിനെ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസിന് മത്സരിക്കേണ്ടിവരും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :