ഒടുവിൽ ആ വഴിയും അടഞ്ഞു; കോൺഗ്രസ് അധ്യക്ഷയാവാനില്ലെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയതായി റിപ്പോർട്ട്

സോന്‍ഭദ്ര സംഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവുമായി സമീപിച്ച നേതാക്കളെ പ്രിയങ്ക മടക്കി അയച്ചു.

Last Modified വ്യാഴം, 25 ജൂലൈ 2019 (09:36 IST)
കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് പ്രിയങ്കയും ഇല്ലെന്ന് റിപ്പോര്‍ട്ട്. നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആവര്‍ത്തിച്ച് സമീപിച്ചിട്ടും പ്രിയങ്ക ഗാന്ധി വഴങ്ങിയിട്ടില്ലെന്നും സൂചന. സോന്‍ഭദ്ര സംഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യവുമായി സമീപിച്ച നേതാക്കളെ പ്രിയങ്ക മടക്കി അയച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ പദവി താന്‍ ഏറ്റെടുക്കില്ല എന്നതില്‍ തര്‍ക്കമില്ലെന്നും അതേസമയം പ്രവര്‍ത്തനം തുടരുമെന്ന് പ്രിയങ്ക അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പ്രിയങ്കയുടേ പേര് പരസ്യമായി ഉന്നയിച്ചിട്ടില്ലെങ്കിലും ചില നേതാക്കള്‍ പ്രിയങ്ക വന്നേക്കുമെന്ന സൂചന നല്‍കിയിരുന്നു. പ്രിയങ്ക ഗാന്ധി നേതൃസ്ഥാനത്തേക്ക് വരണമെന്ന് അടിത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍ വരെ ആഗ്രഹിക്കുന്നുണ്ടെന്ന് മൂന്ന് തവണ എം.പിയായ ഭക്തചരണ്‍ ദാസും പറഞ്ഞിരുന്നു. രാഹുലിന്റെ അഭാവത്തില്‍ പ്രിയങ്കയെയാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുള്ളവരെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്നായിരുന്നു രാഹുല്‍ നിര്‍ദ്ദേശിച്ചത്.
യുവനേതൃത്വം വരട്ടെയെന്ന് പ്രിയങ്കയും നിര്‍ദേശിച്ചു. അതനുസരിച്ച് അധ്യക്ഷനം കണ്ടെത്താന്‍ ഔദ്യോഗികമായും അല്ലാതെയും പലവിധ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമവായത്തിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :