ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 23 ജൂലൈ 2015 (11:55 IST)
ലളിത് മോഡി, വ്യാപം അഴിമതി വിഷയങ്ങളില്‍ പാര്‍ലമെന്റ് മൂന്നാം ദിനവും പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപി നേതാക്കളുടെ യോഗം വിളിച്ചു. മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച സുഷമ സ്വരാജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിക്കുന്നത് മറികടക്കുന്നതിനെകുറിച്ച് ആലോചിക്കാനാണ് യോഗം ചേരുന്നത്.
അരുണ്‍ ജെയ്റ്റലി, സുഷമസ്വരാജ്, രാജ്നാഥ് സിംഗ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ലളിത് മോഡി വിവാദത്തിലും വ്യാപം അഴിമതിക്കേസിലും പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ലോക്സഭയും രാജ്യസഭയും തുടര്‍ച്ചയായ രണ്ടാം ദിവസവും നടപടികളിലേക്കു പോലും കടക്കാനാകാതെ ബഹളത്തില്‍ പിരിയുകയാണുണ്ടായത്. മന്ത്രിമാരുടെ രാജിയല്ലാതെ മറ്റ് ഒരു തരത്തിലുള്ള സമവായത്തിനും തയ്യാറാകേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
പ്രതിഷേധം അതിരു കടന്നാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യസഭയില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും ചര്‍ച്ചയല്ല രാജിയാണ് വേണ്ടതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. ചര്‍ച്ച അന്വേഷണത്തിന് ബദലല്ലെന്നും ആരോപണ വിധേയരായവരെ മാറ്റി നിര്‍ത്തി കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാണ് സിപിഐഎമ്മിന്റെ ആവശ്യം.