പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം; ലോക്‍സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു

 ലളിത് മോഡി , സുഷമാ സ്വരാജ് , വെങ്കയ്യ നായിഡു , സീതറാം യച്ചൂരി , ബിജെപി
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 23 ജൂലൈ 2015 (12:54 IST)
മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡിയെ വഴിവിട്ട് സഹായിച്ച വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ശക്തമായതോടെ ലോക് സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. രാജ്യസഭ 2 മണിവരെ നിര്‍ത്തിവെച്ചു. സുഷമ സ്വരാജ് ഉള്‍പ്പെടെ ആരോപണം നേരിടുന്ന മന്ത്രിമാരുടെ രാജി ആവശ്യവും കോണ്‍ഗ്രസും സിപിഐഎമ്മും അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചു.

പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയും ഇല്ലെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. മന്ത്രിമാര്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. എന്നാല്‍ പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാജ്യസഭയില്‍ സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ മന്ത്രിമാരുടെ രാജിക്ക് ശേഷം ചര്‍ച്ച മതിയെന്ന് സീതറാം യച്ചൂരി വ്യക്തമാക്കി.

അതേസമയം, ലളിത് മോഡി, വ്യാപം അഴിമതി വിഷയങ്ങളില്‍ പാര്‍ലമെന്റ് മൂന്നാം ദിനവും പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപി നേതാക്കളുടെ യോഗം വിളിച്ചു. സുഷമ സ്വരാജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാര്‍ലമെന്റ് സ്തംഭിക്കുന്നത് മറികടക്കുന്നതിനെകുറിച്ച് ആലോചിക്കാനാണ് യോഗം ചേരുന്നത്.

അരുണ്‍ ജെയ്റ്റലി, സുഷമസ്വരാജ്, രാജ്നാഥ് സിംഗ് എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ലളിത് മോഡി വിവാദത്തിലും വ്യാപം അഴിമതിക്കേസിലും പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ലോക്സഭയും രാജ്യസഭയും തുടര്‍ച്ചയായ രണ്ടാം ദിവസവും നടപടികളിലേക്കു പോലും കടക്കാനാകാതെ ബഹളത്തില്‍ പിരിയുകയാണുണ്ടായത്. മന്ത്രിമാരുടെ രാജിയല്ലാതെ മറ്റ് ഒരു തരത്തിലുള്ള സമവായത്തിനും തയ്യാറാകേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :