പൊതുസ്വത്ത് നശിപ്പിക്കുന്നവരെ ഞങ്ങളുടെ സര്‍ക്കാര്‍ പട്ടികളെപ്പോലെ വെടിവച്ചിടും; വിവാദ പരാമർശവുമായി ബിജെപി നേതാവ്

തുമ്പി ഏബ്രഹാം| Last Modified തിങ്കള്‍, 13 ജനുവരി 2020 (13:51 IST)
പൊതു സ്വത്ത് നശിപ്പിക്കുന്ന സമരക്കാര്‍ക്ക് നേരെ ഭീഷണി പ്രസംഗവുമായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. പൊതുസ്വത്ത് നശിപ്പിക്കുന്നവരെ ഞങ്ങളുടെ സര്‍ക്കാര്‍ പട്ടികളെപ്പോലെ വെടിവച്ചിടുമെന്നാണ് ഘോഷിന്‍റെ വാക്കുകള്‍. ഞായറാഴ്ച പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ് വിവാദ പ്രസ്താവന.

മമതയുടെ വോട്ടര്‍മാരായതിനാലാണ് ദീദിയുടെ പോലീസ് അവര്‍ക്ക് നേരെ നടപടി ഒന്നും സ്വീകരിക്കാത്തത്. ഉത്തര്‍പ്രദേശിലേയും അസമിലേയും കര്‍ണാടകത്തിലേയും തങ്ങളുടെ സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രക്ഷോഭം നടത്തുന്നവരെ പട്ടിയെ വെടിവച്ച് കൊല്ലുന്നപോലെ കൊന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

രാജ്യത്ത് രണ്ട് കോടി മുസ്ലീം നുഴഞ്ഞുകയറ്റക്കാരുണ്ട് ഇതില്‍ ഒരു കോടി ആളുകള്‍ പശ്ചിമ ബംഗാളിലാണുള്ളത്. ഇവരെ മമതാ ബാനര്‍ജി സംരക്ഷിക്കുകയാണ്' അദ്ദേഹം ആരോപിച്ചു. യോഗത്തില്‍ ബംഗാളി ഹിന്ദുക്കളുടെ അവകാശങ്ങള്‍ തടയുന്നവരെ നോക്കി വയ്ക്കണമെന്നും ഘോഷ് ആഹ്വാനം ചെയ്യുന്നുണ്ട്.

സംസ്ഥാനത്ത് സിഎഎയെ അനുകൂലിച്ച് സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഘോഷിന്‍റെ വിവാദ പരാമര്‍ശങ്ങളുണ്ടായിരിക്കുന്നത്. ഡിസംബര്‍ അവസാനത്തോടെയാണ് ബംഗാളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍തോതിൽ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. സമരത്തില്‍ വന്‍തോതില്‍ പൊതുസ്വത്ത് നശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :