ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (10:27 IST)
ഡല്‍ഹിയിലെ ദേശീയ ചരിത്ര മ്യൂസിയം തീ പിടുത്തത്തില്‍ നശിച്ചു. തീ അണയ്ക്കാനെത്തിയ ആറ് അഗ്നിശമനാസേനാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഡല്‍ഹി മണ്ഡിഹൌസിലെ ടാന്‍സന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന FICCI യുടെ കെട്ടിടത്തിലെ ചരിത്ര മ്യൂസിയമാണ് കത്തി നശിച്ചത്.
ഗുരുതരമായി പരുക്കേറ്റ അഗ്നിശമനാസേനാ പ്രവര്‍ത്തകരെ ഡല്‍ഹിയിലെ തന്നെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേകര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. രാജ്യത്തിന്റെ തന്നെ അമൂല്യസമ്പത്ത് ആയ ദേശീയമ്യൂസിയം കത്തിനശിച്ചത് ദു:ഖകരമാണെന്നും ഇതിന്റെ നഷ്‌ടം എണ്ണിതിട്ടപ്പെടുത്താന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു തീ പിടുത്തം ആരംഭിച്ചത്. അതേസമയം, തീ പിടുത്തത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. സംഭവം നടന്നപ്പോള്‍ തന്നെ അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും രണ്ടു മണിക്കൂറിനുള്ളില്‍ തീ പിടുത്തം നിയന്ത്രണവിധേയമാക്കുകയും ചെയ്തു.