നേതാജി ഫയലുകള്‍ പുറത്തു വിടുമെന്ന് കേന്ദ്രസര്‍ക്കാര്‍, ആദ്യ ഭാഗം ജനുവരി 23 ന് പുറത്ത് വിടും

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (19:37 IST)
സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപകനുമായിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിനെ സംബന്ധിച്ച് സര്‍ക്കാരിന്റെ കൈയ്യിലുള്ള രഹസ്യ രേഖകള്‍ പുറത്ത് വിടാമെന്ന് കേന്ദ്രസര്‍ക്കാര്‍. അടുത്തവര്‍ഷം ജനുവരി 23 ന് രേഖകളുടെ ആദ്യഭാഗം പുറത്തുവിടുമെന്നും നേതാജിയുടെ കുടുംബത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പ് നല്‍കി.

7 റെയ്‌സ്‌കോഴ്‌സ് റോഡിലെ വസതിയില്‍വച്ച് മോഡി നേതാജിയുടെ കുടുംബത്തിലെ 35 അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അപ്പോഴാണ് രേഖകള്‍ പരസ്യപ്പെടുത്താമെന്ന് മൊഡി കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കിയത്. കൂടിക്കാഴ്ചക്കു ശേഷം ട്വിറ്റര്‍ വഴി പ്രധാനമന്ത്രി തന്നെയാണ് രേഖകള്‍ പുറത്തുവിടുന്ന കാര്യം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം ജനുവരി
23ഓടെ രേഖകളുടെ ആദ്യ ഭാഗം പുറത്തുവിടും. സര്‍ക്കാരിന്റെ കൈയില്‍ 130 രഹസ്യ രേഖകളുണ്ട്.

ഇതോടൊപ്പം മറ്റു രാജ്യങ്ങളോടും വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ആവശ്യപ്പെടും. ഡിസംബറില്‍ റഷ്യ സന്ദര്‍ശിക്കുമ്പോള്‍ അവരുടെ കൈവശമുള്ള വിവരങ്ങളും പരസ്യപ്പെടുത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെടും. നേരത്തേ പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ കൈയിലുള്ള രഹസ്യവിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

ലോകസഭ തിരഞ്ഞെടുപ്പ് കാലത്ത് നേതാജി ഫയലുകള്‍ പരസ്യമാക്കുമെന്ന് പറഞ്ഞ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ രേഖകള്‍ പുറത്തുവിടാനാവില്ലെന്ന പഴയ സര്‍ക്കാറുകളുടെ വാദമുയര്‍ത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :