സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 5 ഏപ്രില്‍ 2024 (09:28 IST)
സമുദ്രങ്ങളുടെ ആരോഗ്യം ക്ഷയിച്ചിരിക്കുകയാണ്. മനുഷ്യന്റെ മാലിന്യത്തൊട്ടിയായി മാറിയിരിക്കുകയാണ് നമ്മുടെ സമുദ്രങ്ങള്‍. ഓരോ വര്‍ഷവും സമുദ്രത്തില്‍ എത്തുന്നത് 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ്. കഴിഞ്ഞ പ്രളയത്തിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂടുതലായി സമുദ്രത്തില്‍ എത്തിയിട്ടുണ്ട്.
11 കിലോമീറ്റര്‍ വരെ താഴ്ചയില്‍ വരെ എത്തുന്ന മാലിന്യങ്ങള്‍ ഒരു ലക്ഷത്തോളം സമുദ്രജീവികളെ കൊല്ലുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എണ്ണച്ചോര്‍ച്ചയാണ് സമുദ്രങ്ങള്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. അമിത തോതിലുള്ള മത്സ്യബന്ധനം കടലിലെ മത്സ്യസമ്പത്തിനു തന്നെ ഭീഷണിയാവുന്നു. കാര്‍ബണ്‍ ഡയോക്‌സൈഡ് വലിയ അളവില്‍ വലിച്ചെടുത്ത് ആഗോളതാപനം കുറയ്ക്കുന്നതിലും ഭൂമിയില്‍ ഓക്‌സിജന്‍ അളവ് ക്രമപ്പെടുത്തുന്നതിലും സമുദ്രം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
സമുദ്ര സംരക്ഷണത്തിനായി ചെയ്യാവുന്നത്:
ദൈനംദിനജീവിതത്തില്‍ മലിനീകരണം ഉണ്ടാക്കാന്‍ സാധ്യതയുള്ള വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുകയും പരമാവധി പുനരുപയോഗ വസ്തുക്കള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു പരിധി വരെയെങ്കിലും മാലിന്യം ഉണ്ടാകുന്നത് കുറയ്ക്കാനാവും. ചെറു മീനുകളെ പിടിച്ചാല്‍ അവയെ കടലിലേക്കു തന്നെ തിരിച്ചു വിടുന്നതും നല്ല മാതൃകയാണ്. ഓരോ മനുഷ്യരും ചെയ്യുന്ന ചെറിയ മാറ്റങ്ങളിലൂടെ സമുദ്രത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.