ദേശീയ എൻക്രിപ്ഷൻ നയത്തിൽ നിന്ന് വാട്സാപ്പ് പോലുള്ള ആപ്ലിക്കേഷനുകളെ ഒഴിവാക്കി

ന്യൂഡൽഹി| VISHNU N L| Last Modified ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (10:59 IST)
വിവാദങ്ങളുയർന്നതിനെ തുടർന്നു പുതിയ ദേശീയ എൻക്രിപ്ഷൻ നയത്തിന്റെ കരടുരേഖയിൽ നിന്ന് സോഷ്യൽമീഡിയയെ കേന്ദ്രം ഒഴിവാക്കി. വാട്സ് ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ 90 ദിവസം വരെ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കണമെന്നും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ അവ ഹാജരാക്കാണമെന്നുമുള്ള നിര്‍ദ്ദേശമാണ് കരടു രേഖയില്‍ ഉണ്ടായിരുന്നത്. വ്യക്തികളുടെ ഇ–മെയിൽ, വാട്സാപ് തുടങ്ങി എല്ലാം തന്നെ പരിശോധിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നായിരുന്നു കരടുരേഖ.

ഇത് വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം സര്‍ക്കാര്‍ പിന്‍‌വലിച്ചത്. ഇതേത്തുടർന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിശദീകരണ കുറിപ്പ് ഇറക്കി വലിയ രീതിയിൽ എൻക്രിപ്ഷൻ പ്രോഡക്റ്റുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ, വെബ് ആപ്ലിക്കേഷനുകൾ, സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ (വാട്സാപ്പ്, ഫെയ്സ്ബുക്ക്, ട്വിറ്റർ പോലുള്ളവ) തുടങ്ങിയവയെ ഒഴിവാക്കിയതായി അറിയിച്ചു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശമനുസരിച്ച് ഇന്റർനെറ്റ് ബാങ്കിങ്, പേയ്മെന്റ് ഗേറ്റ്വേകൾ എന്നിവയിലുപയോഗിക്കുന്ന എസ്എസ്എൽ / ടിഎൽഎസ് എൻക്രിപ്ഷൻ പ്രോഡക്റ്റുകൾ, ഇ – കൊമേഴ്സ്, പാസ്‌വേർഡ് ഉപയോഗിച്ചു നടത്തുന്ന ഇടപാടുകൾ എന്നിവയിൽ ഉപയോഗിക്കുന്ന എസ്എസ്എൽ / ടിഎൽഎസ് എൻക്രിപ്ഷൻ പ്രോഡക്റ്റുകൾ എന്നിവയെയും ഒഴിവാക്കിയതായി വിശദീകരണക്കുറിപ്പിലുണ്ട്.

പൂതുക്കിയ കരടു നിര്‍ദ്ദേശങ്ങള്‍ പൊതുജനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. ഒക്ടോബർ 16 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ സമയമുണ്ട്. കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്സ് വകുപ്പിലെയും വിവരസാങ്കേതിക വകുപ്പിലെയും വിദഗ്ധരടങ്ങിയ സമിതിയാണ് കരടുനയം തയാറാക്കിയത്.

എൻക്രിപ്ഷൻ പ്രോഡക്റ്റുകൾ കൈകാര്യം ചെയ്യുന്ന എല്ലാവരും സർക്കാർ നിശ്ചയിക്കുന്ന ഏജൻസിയിൽ റജിസ്റ്റർ ചെയ്യണം.
രാജ്യത്തിനുള്ളിൽ ഏതൊക്കെ എൻക്രിപ്ഷൻ പ്രോഡക്റ്റുകൾ ആകാമെന്ന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കും.
എൻക്രിപ്ഷൻ പ്രോഡക്റ്റ് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാം. പക്ഷേ അതിന് മുൻകൂർ അനുമതി വേണം. പല രാജ്യങ്ങളും കയറ്റുമതി അനുവദിച്ചിട്ടില്ല.

എല്ലാ വ്യക്തികളും സർക്കാർ, സ്വകാര്യ, ബിസിനസ് സ്ഥാപനങ്ങളും എൻക്രിപ്റ്റ് വിവരങ്ങൾ 90 ദിവസത്തേക്ക് സൂക്ഷിക്കണം. ഇവ വേണ്ടിവന്നാൽ സർക്കാർ ഏജൻസികൾക്ക് പരിശോധിക്കാൻ കൈമാറണം.
വ്യക്തികളുടെ ഇ–മെയിൽ, വാട്സാപ് തുടങ്ങി സ്വകാര്യ ബിസിനസ് സെർവർ വരെ സർക്കാരിന്റെ
നിരീക്ഷണത്തിലായിരിക്കും. അന്യരാജ്യങ്ങളിലേക്ക് എൻക്രിപ്റ്റ് ഡേറ്റ അയക്കുന്നവർ അത് രാജ്യത്തിനുള്ളിൽ ഏതു സമയത്തും പരിശോധനയ്ക്ക് നൽകാൻ തയാറായിരിക്കണം.

ഒരു വിദഗ്ധ ഉപദേശക സമിതിയായിരിക്കും ഈ മേഖലയിലെ സാങ്കേതിക മാറ്റങ്ങൾ വിലയിരുത്തുക.
വിവര സാങ്കേതിക വകുപ്പ് ഒക്ടോബർ 16 വരെ പൊതുജനങ്ങളിൽ നിന്ന് ഈ നയത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ പരിഗണിക്കും. ഇവ അയക്കേണ്ട ഇ–മെയിൽ വിലാസം: [email protected]


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :