ബ്രിട്ടന്‍|
jibin|
Last Modified വെള്ളി, 13 നവംബര്‍ 2015 (09:32 IST)
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ബ്രിട്ടനില്‍ ശക്തമായ പ്രതിഷേധം തുടരുന്നു. നൂറു കണിക്കിന് ഇന്ത്യന്‍ വംശജരാണ് മോഡിയുടെയും ഹിറ്റ്‍ലറിന്റെയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച ബാനറുകളും രൂക്ഷമായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം നടത്തുന്നത്. മോഡിയെ സ്വീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍റെ നടപടിയെ ലജ്ജാവഹമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
തമിഴ് വംശജരും സിക്കുകാരും ഗുജറാത്തികളും കശ്മീരികളും മലയാളികളുമടക്കം ഇന്ത്യന്‍ വംശജരുടെ വന്‍ നിരതന്നെയാണ് നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാനെത്തിയത്. റോഡുകളില്‍ ഫാസിസത്തിനെതിരെയുള്ള ബാനറുകളും രൂക്ഷമായ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം തുടരുകയാണ്. മോഡിയെ ഹിറ്റ്‌ലറിനോട് ഉപമിച്ചാണ് പ്രതിഷേധം നടക്കുന്നത്.
മതേതരത്വത്തിനും ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വിലകല്‍പ്പിക്കുന്ന ബ്രിട്ടന്‍ മോഡിയെ സ്വീകരിച്ചതോടെ അത് നഷ്‌ടമാക്കി. ഇന്ത്യയില്‍ ബിജെപി നടത്തുന്ന ഫാസിസ്‌റ്റ് നയങ്ങളില്‍ കാമറൂണ്‍ മോഡിയോട് സംസാരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, ശ്രീ ബുദ്ധന്‍റെയും മഹാത്‌മ ഗാന്ധിയുടെയും നാടായ ഇന്ത്യയില്‍ അസഹിഷ്ണുത അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. തീവ്രവാദം വളർത്തുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം. ലോകം നേരിടുന്ന തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി പോരാടണമെന്നും മോഡി ബ്രിട്ടനില്‍ പറഞ്ഞു.
രാജ്യത്തു വര്‍ദ്ധിച്ചു വരുന്ന തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് കൊണ്ട് മോഡി പറഞ്ഞു. സാമ്പത്തിക സഹകരണവും പ്രതിരോധമുൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയും ബ്രിട്ടനും സഹകരിക്കുമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും പറഞ്ഞു. ഐക്യരാഷ്ട്ര രക്ഷസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ബ്രിട്ടൻ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.