ന്യൂനപക്ഷത്തിന്റെ നിര്‍വചനങ്ങള്‍ മാറിമറിയും, പുതിയവര്‍ വരും, സംവരണം കുറയും

ന്യൂനപക്ഷം, സംവരണം, മോഡി സര്‍ക്കാര്‍
ന്യൂഡല്‍ഹി| vishnu| Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (14:48 IST)
കേന്ദ്രത്തില്‍ സമ്പൂര്‍ണ വിജയവുമായി മോഡി അധികാരത്തിലെത്തിയതിനു പിന്നാലെ ന്യൂനപക്ഷങ്ങളെ ആശങ്കയിലാക്കിക്കൊണ്ട് മോഡി സര്‍ക്കാര്‍ സുപ്രധാനമായ നിക്കത്തിലേക്ക് കടക്കുന്നു. രാജ്യത്തെ ന്യൂനപക്ഷത്തെ നിര്‍വചിച്ചിരിക്കുന്ന രീതിക്ക് മാറ്റം വരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്. നിലവില്‍ ന്യൂനപക്ഷ വിഭാഗങ്ങളായി രാജ്യത്ത് അംഗീകരിച്ചിരിക്കുന്നത് മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, പാര്‍സി, ബുദ്ധമതം, ജൈനമതം എന്നിവയാണ്. എന്നാല്‍ ന്യൂനപക്ഷത്തെ മതം മാത്രം അടയാളപ്പെടുത്തി നിര്‍വചിക്കുന്ന രീതിമാറ്റി ഭാഷാ ന്യൂനപക്ഷങ്ങളെ കൂടി ന്യൂനപക്ഷ പട്ടികയില്‍ പെടുത്താനാ‍ണ് മോഡി സര്‍ക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി സെന്‍സസിനോടനുബന്ധിച്ച് 'മറ്റുള്ള' വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ നിലയെക്കുറിച്ചറിയാന്‍ ഒരു പ്രത്യേക സര്‍വേ കൂടി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.

ന്യൂനപക്ഷം എന്ന് നിര്‍വചനത്തില്‍ ആറ് മതങ്ങള്‍ വരുന്നുണ്ടെങ്കിലും സത്യത്തില്‍ പ്രാവര്‍ത്തികമാകുന്നത് മുസ്ലീം ജനവിഭാഗങ്ങളുടെ ഉന്നമനം മാത്രമാണ് എന്നതാണ് യാഥാര്‍ഥ്യം. ന്യൂനപക്ഷ പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ ഇത് വ്യക്തമാകുന്നുമുണ്ട്. ഈ സ്ഥിതി മാറ്റാനാ‍ണ് മൊഡി സര്‍ക്കാര്‍ തീരുമാനം. ന്യൂനപക്ഷ പട്ടികയില്‍ പെടുത്തിയിട്ടില്ലാത്ത വിഭാഗങ്ങളില്‍ പെട്ടവര്‍ രാജ്യത്ത്
73.39 ലക്ഷമാണ്. മൊത്തം ജനസംഖ്യയുടെ 0.6 ശതമാനം മാത്രമാണ് ഈ വിഭാഗത്തില്‍ പെടുന്നവര്‍. ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഇത്തരം വിഭാഗങ്ങള്‍ പ്രബലമാണ്. ഇത്തരം വിഭാഗങ്ങളേക്കൂടി ന്യൂനപക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നത്.

ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ ദി നാഷണല്‍ കമ്മീഷന്‍ ഫോര്‍ റിലീജ്യയസ് ആന്‍ഡ് ലിന്‍ഗ്യുസ്റ്റിക് മൈനോറിറ്റീസ് (രംഗനാഥ മിശ്ര കമ്മീഷന്‍) എന്നൊരു കമ്മീഷനെ യുപിഎ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. സര്‍ക്കാര്‍ ജോലികള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങളിലും മുസ്ലീങ്ങള്‍ക്ക് 10 ശതമാനം സംവരണവും മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനം സംവരണവും നല്‍കണമെന്നായിരുന്ന കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്. രാഷ്ട്രീയ പ്രത്യാഘാതങ്ങളെ ഭയന്ന് യുപിഎ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ നടപടികളൊന്നുമെടുത്തിരുന്നില്ല. എന്നാല്‍ ഇക്കാര്യം ഗൌരവമായി പരിഗണിക്കുകയാണ് കേന്ദ്രം.

നാഷണല്‍ കമ്മീഷന്‍ ഫോര്‍
മൈനോറിറ്റീസുമായി ആലോചിച്ച് ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉടനെയെടുക്കുമെന്നാണ് സൂചന. കൂടാതെ ഭാഷാപരവും വര്‍ഗപരവുമായ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നു. നിലവില്‍ രാജ്യത്ത് ഇത്രയും കാലം ന്യൂനപക്ഷ കമ്മീഷനുകള്‍ മുസ്ലീങ്ങളുടെ പ്രശ്‌നത്തില്‍ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ഇത് മാറ്റി എല്ലാ ന്യൂനപക്ഷങ്ങളേയും ഒരേപോലെ കണക്കാക്കുന്ന നിര്‍വചനമാണ് വരാന്‍ പോകുന്നത്. മറ്റ് വിഭാഗങ്ങളേക്കൂടി ന്യൂനപക്ഷ പദവി നല്‍കി സംരക്ഷിക്കുന്നതോടൊപ്പം സംവര്‍ണ മാനദണ്ഡങ്ങളിലും മാറ്റമുണ്ടാകും. നിലവിലുള്ള സംവരണത്തില്‍ വര്‍ധനവുണ്ടാവുകയില്ലെങ്കിലും പുതിയ വിഭാഗങ്ങള്‍ക്കു കൂടി ഇക്കാര്യത്തില്‍ പ്രാതിനിധ്യം ലഭിച്ചേക്കാം. ഇത് നിലവിലെ ന്യൂനപക്ഷങ്ങളുടെ എതിര്‍പ്പിന് കാരണമായേക്കും.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :