ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 24 ഡിസംബര്‍ 2014 (15:03 IST)
ക്രിസ്തുമസ് ദിനം സാധാരണ അവധി ദിവസമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും ജില്ലാ കലക്ടറേറ്റുകളും തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓഫീസുകള്‍ക്ക് അവധി നല്‍കിയാലും മന്ത്രിമാര്‍ക്ക് അവധിയുണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യം ഉന്നയിച്ച് മന്ത്രിമാരുടെ അഭിപ്രായം അറിയാനായി മോഡി എല്ലാ മന്ത്രാലയങ്ങള്‍ക്കും കത്തയച്ചിരിക്കുകയാണ്. സിഎന്‍എന്‍ ഐബി.എന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മന്ത്രിമാര്‍ അനുകൂലമായി പ്രതികരിച്ചാല്‍ മന്ത്രാലയങ്ങള്‍ ക്രിസ്തുമസിന് പ്രവര്‍ത്തിക്കേണ്ടിവരും.
ക്രിസ്തുമസ് ദിനം മുന്‍ പ്രധാനമന്ത്രി എ ബി വാജിപയിയുടെ ജന്മദിനമാണ്. ഈ ദിവസം സദ്ഭരണ ദിനമായി ആചരിക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. മണ്ഡലങ്ങളിലെത്തി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം വിലയിരുത്തണമെന്നാണ് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി മോഡി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ജില്ലാ കളക്ടറേറ്റുകളുടെ പ്രവര്‍ത്തനം വിലിയിരുത്താനും നിര്‍ദേശമുണ്ട്. അങ്ങനെയായാല്‍ ജില്ലാ കലക്ടറേറ്റുകളും തുറന്ന് പ്രവര്‍ത്തിക്കേണ്ടി വരും.
ക്രിസ്മസ് ദിനത്തില്‍ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനം എന്തായിരിക്കണം എന്നതിനെ കുറിച്ച് പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് ഉടന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഈ ദിനത്തില്‍ ശുചീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കുലര്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഡിസംബര്‍ 25ന് എല്ലാ മന്ത്രിമാര്‍ക്കും സ്‌പെഷല്‍ ഡ്യൂട്ടികള്‍ ആയിരിക്കും. ഡിസംബര്‍ 25ന് ചെയ്യേണ്ട 15 കാര്യങ്ങളും പ്രധാനമന്ത്രി തയ്യാറാക്കി മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. എംപിമാര്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശമുണ്ട്. ഫലത്തില്‍ എല്ലാ ജില്ലാ ഓഫീസുകളും ക്രിസ്മസ് ദിനത്തില്‍ സജീവമാകും.
ഇതിനിടയില്‍ മോഡിയുടെ ഈ തീരുമാനത്തിനെതിരെ ഗോവ ആര്‍ച്ച് ബിഷപ്പ് രംഗത്ത് എത്തി. ക്രൈസ്തവ സഭയെ ആശങ്കയിലാക്കുന്ന തീരുമാനമാണിതെന്നാണ് അദ്ദേഹം ആരോപിച്ചത്. ക്രൈസ്തവ വിശ്വസങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു. സാമുദായികമായി ചേരിതിരിവുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രധാനമന്ത്രി മോദി പിന്‍തിരിയണമെന്നാണ് ബിഷപ്പ് ഫിലിപ്പ് നേരി ഫെരാരോയുടെ അഭിപ്രായം.എന്നാല്‍ ക്രിസ്മസ് ദിനത്തിലെ പരിപാടികളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തില്ലെന്നാണ് സൂചന.
അതിനിടെ രാജ്യത്തെ എല്ലാ സര്‍വ്വകലശാലകള്‍ക്കും ക്രിസ്മസ് ദിനം സദ്ഭരണ ദിനമായി ആചരിക്കാന്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷനും (യുജിസി) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതിന്റെ ഭാഗമായുള്ള പ്രസംഗമത്സരങ്ങള്‍ സര്‍വകലാശാലകളിലും കോളജുകളിലും ക്രിസ്മസ് അവധി തുടങ്ങുന്നതിനു മുമ്പ് നടത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ക്രിസ്മസ് അവധി തടസ്സപ്പെടുത്തുന്ന രീതിയിലായിരിക്കരുത് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്നും നിര്‍ദ്ദേശമുണ്ട്.
ക്രിസ്മസ് ദിനം നവോദയ വിദ്യാലയങ്ങളില്‍ സദ് ഭരണ ദിനമായി ആചരിക്കണമെന്ന് മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനി നിര്‍ദ്ദേശം നല്‍കിയത് വലിയ വിവാദങ്ങള്‍ക്ക് ഇടനല്‍കിയിരുന്നു. ഇതോടെ ഓൺലൈനായി താല്‍പ്പര്യമുള്ള കുട്ടികള്‍ സദ്ഭരണ ദിനത്തിലെ പരിപാടികളില്‍ പങ്കെടുത്താല്‍ മതിയെന്ന് നിര്‍ദ്ദേശം എത്തി. അതിനു പിന്നാലെയാണ് ക്രിസ്തുമസ് അവധിയിലെ വിവാദത്തില്‍ വീണ്ടും പുതിയ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.