മകനായി വാങ്ങിയ ക്യാരംസ് ബോർഡ് ഭാര്യ സ്വീകരിച്ചില്ല; മുത്തലാഖ് ചൊല്ലി ഭർത്താവ്; കേസ്

24 വയസുകാരിയായ ഷാബാറുന്നിസയാണ് ഭർത്താവ് ഷക്കീൽ അഹമ്മദിനെതിരെ പോലീസിൽ പരാതി നൽകിയത്.

തുമ്പി എബ്രഹാം| Last Modified വ്യാഴം, 3 ഒക്‌ടോബര്‍ 2019 (14:04 IST)
മകന് വാങ്ങി നൽകിയ ക്യരംസ്‌ ബോർഡ് വാങ്ങാതിരുന്ന ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി പരാതി. രാജസ്ഥാനിലെ ബരാൻ ജില്ലയിലാണ് സംഭവം നടന്നത്. 24 വയസുകാരിയായ ഷാബാറുന്നിസയാണ് ഭർത്താവ് ഷക്കീൽ അഹമ്മദിനെതിരെ പോലീസിൽ പരാതി നൽകിയത്.

ഗാർഹിക പീഡനത്തിന് ഷബറുന്നിസ നേരത്തെ ഷക്കീൽ അഹമ്മദിനെതിരെ പരാതി നൽകിയിരുന്നു. കേസിന്റെ വിചാരണക്കായി ഇരുവരും കോടതിയിൽ എത്തിയപ്പോഴാണ് ഷക്കീൽ അഹമ്മദ് മകന് വേണ്ടി വാങ്ങിയ ക്യാരംസ് ബോർഡ് ഭാര്യയുടെ കൈയ്യിൽ ഏൽപ്പിച്ചത്. ഗാർഹിക പീഡനപരാതിയെ തുടർന്ന് ഇരുവരും നാളുകളായി മാറി താമസിക്കുകയാണ്.

ഷബറുന്നിസക്കൊപ്പമാണ് ഇവരുടെ മകൻ താമസിക്കുന്നത്. ഷക്കീൽ അഹമ്മദിനെതിരെ പരാതി നൽകിയതിനെ തുടർന്ന് ഷബറുന്നിസ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. കോടതിയിൽ നിന്ന് വിചാരണ കഴിഞ്ഞ് മടങ്ങുമ്പോൾ ഷക്കീൽ അഹമ്മദ് ഷബറുന്നിസയെ തടഞ്ഞ് നിർത്തി മകന് വേണ്ടി വാങ്ങിയ ക്യാരംസ് ബോർഡ് നൽകാൻ ശ്രമിച്ചു. എന്നാൽ അത് വാങ്ങാൻ ഷബറുന്നിസ കൂട്ടാക്കിയില്ല.

വാക്കേറ്റത്തെ തുടർന്ന് ഷക്കീൽ മുത്തലാഖ്‌ ചൊല്ലുകയായിരുന്നെന്ന് ഷബറുന്നിസ പരാതിയിൽ പറയുന്നു. ഷബറുന്നിസ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഷക്കീലിനെതിരെ 2019 മാര്യേജ് ആക്റ്റ് പ്രകാരം മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വകുപ്പ് ചുമത്തി കേസെടുത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :