രേണുക വേണു|
Last Modified ചൊവ്വ, 4 ജൂണ്‍ 2024 (14:20 IST)
Lok Sabha Election 2024, BJP: കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ കേന്ദ്രത്തില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ പറ്റില്ല. അതേസമയം എന്‍ഡിഎ മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സീറ്റുകള്‍ ആയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്ന വിവരങ്ങള്‍ അനുസരിച്ച് ബിജെപി 239 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റുകളില്‍ ജയം ഉറപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് ഒറ്റയ്ക്ക് രാജ്യം ഭരിക്കാന്‍ സാധിക്കില്ല.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് 303 സീറ്റുകള്‍ ഉണ്ടായിരുന്നു. പുറത്തുനിന്ന് ആരുടെയും പിന്തുണയില്ലാതെ ഭരിക്കാന്‍ ബിജെപിക്ക് സാധിക്കുമായിരുന്നു. കോണ്‍ഗ്രസിന് 2019 ല്‍ 52 സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അത് ഇത്തവണ നൂറിലേക്ക് എത്തിയിട്ടുണ്ട്. അതേസമയം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് 300 നു അടുത്ത് സീറ്റുകള്‍ ആയി.
എന്‍ഡിഎ മുന്നണിയില്‍ നിന്ന് ഏതെങ്കിലും പാര്‍ട്ടിയെ പിളര്‍ത്തുന്നതിനോടൊപ്പം ഇരു മുന്നണികളിലും അംഗമല്ലാതെ നില്‍ക്കുന്ന പാര്‍ട്ടികളെ കൂടി ഒപ്പം കൂട്ടിയാല്‍ ഇന്ത്യ മുന്നണിക്ക് കേന്ദ്രത്തില്‍ ഭരണം പിടിക്കാന്‍ ശ്രമിക്കാം. അതിനായുള്ള ഒരുക്കങ്ങള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണിയിലെ നേതാക്കള്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളിലാണ്.