കിരണ്‍ ബേദിയെ ചൊല്ലി ബിജെപിയില്‍ തമ്മിലടി

കിരണ്‍ ബേദി, ബിജെപി, ഡല്‍ഹി
ന്യൂഡല്‍ഹി| vishnu| Last Modified ഞായര്‍, 18 ജനുവരി 2015 (16:26 IST)
കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരോക്ഷമായി ഉയര്‍ത്തിക്കാട്ടി ഡല്‍ഹി പിടിക്കാന്‍ ഇറങ്ങിത്തിരിച്ച ബിജെപിക്ക് പാളയത്തില്‍ പട വിനയാകുന്നു. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെയും മുന്‍കൂട്ടി പ്രഖ്യാപിക്കാതെ, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പ്രചാരണത്തിന്റെ മുഖ്യ ചുമതല നല്‍കി ഡല്‍ഹിയിലും തിരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു ബിജെപി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ വന്ന തെരഞ്ഞെടുപ്പ് സര്‍വ്വേ പ്രകാരം ഡല്‍ഹിയില്‍ തൂക്കുസഭയാണ് വരിക.

അങ്ങനെയായാല്‍ ബിജെപിക്കും, മോഡിക്കും ക്ഷീണമാകും. ഇതു മുന്നില്‍കണ്ടാണ് മോഡിയും അമിത് ഷായും കിരണ്‍ ബേദിയെ പാര്‍ട്ടിയിലെത്തിച്ചത്. ബേദി ഡല്‍ഹിയുടെ മുഖ്യമന്ത്രിയാകുമെന്ന് വ്യാപകമായ രീതിയില്‍ മാധ്യമങ്ങളില്‍ കൂടി വാര്‍ത്ത വന്നതോടെ സംസ്ഥാന ഘടത്തിലെ മുഖ്യമന്ത്രി സ്ഥാനമോഹികള്‍ അതൃപ്തിയിലാണെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയെപ്പോലുള്ള കേഡര്‍ പാര്‍ട്ടിയില്‍, രാഷ്ട്രീയപ്രവര്‍ത്തന പരിചയമില്ലാത്ത കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനിറങ്ങുന്നത് ഗുണം ചെയ്യില്ലെന്നാണ് ഈ നേതാക്കളുടെ നിലപാട്.

അതേസമയം, നാളെ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം സംസ്ഥാനത്തെ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കിരണ്‍ ബേദിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന കാര്യത്തിലും നാളെ തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരേയും പരിഗണിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞതും ഇതേ കാരണങ്ങള്‍ക്കൊണ്ടാണ്. ബേദിയെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നതില്‍ ആര്‍എസ്എസിന് എതിര്‍പ്പില്ലെന്നാണ് സൂചന.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :