ടിക് ടോക്കില്‍ താരമാകാന്‍ ബാക്ക് ഫ്ലിപ്പ് ചെയ്തു; കഴുത്തൊടിഞ്ഞ് ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം

ഡാന്‍സ് ട്രൂപ്പിലെ അംഗമായ കുമാര്‍ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് ടിക് ടോക്കിലേയ്ക്ക് വീഡിയോ ചിത്രീകരിക്കാനൊരുങ്ങിയത്.

Last Modified ചൊവ്വ, 25 ജൂണ്‍ 2019 (13:58 IST)
ടിക് ടോക്കില്‍ താരമാകാനായി വായുവില്‍ മലക്കംമറിയുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ഇരുപത്തിരണ്ടുകാരൻ മരിച്ചു. കര്‍ണാടകത്തിലെ തുമകൂരു സ്വദേശി കുമാറാണ് എട്ടുദിവസത്തിനുശേഷം ബെംഗളൂരു വിക്‌ടോറിയ ആശുപത്രിയില്‍ മരിച്ചത്. 15നാണ് കുമാറിന് വീഡിയോ ചിത്രീകരണത്തിനിടെ നിലത്തുവീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റത്.

ഡാന്‍സ് ട്രൂപ്പിലെ അംഗമായ കുമാര്‍ സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് ടിക് ടോക്കിലേയ്ക്ക് വീഡിയോ ചിത്രീകരിക്കാനൊരുങ്ങിയത്. ബാക്ക് ഫ്ലിപ്പ് അഭ്യാസം നടത്താനായിരുന്നു തീരുമാനം. മുന്‍പരിചയമില്ലാത്ത് അഭ്യാസം യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ കുമാര്‍ ചെയ്യുകയായിരുന്നു.

ബാക്ക് ഫ്ലിപ്പ് ചെയ്യുന്നതിനിടെ കണക്കുകൂട്ടല്‍ പിഴച്ചു. പിന്നാക്കം തിരിയുന്നതിനിടെ തലയിടിച്ച് വീണ കുമാറിന്റെ കഴുത്തൊടിഞ്ഞു. നട്ടെല്ലിനും സാരമായി പരിക്കുപറ്റി. സുഹൃത്തുക്കള്‍ചേര്‍ന്ന് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ടുദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ കുമാര്‍ മരിച്ചു.

മുമ്പും ‘ടിക്‌ടോക്’ വീഡിയോ ചിത്രീകരണത്തിനിടെ പരിക്കേറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇതില്‍ പ്രചരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും പരാതികള്‍ ഉയര്‍ന്നു. പരാതികള്‍ വ്യാപകമായതോടെ ഏപ്രിലില്‍ മദ്രാസ് ഹൈക്കോടതി ടിക് ടോക് നിരോധിച്ചെങ്കിലും പിന്നീട് ഉപാധികളോടെ പിന്‍വലിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :