രേണുക വേണു|
Last Modified തിങ്കള്‍, 12 ഓഗസ്റ്റ് 2024 (10:36 IST)
കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ മുല്ലപ്പെരിയാര്‍ ഡാമിനെ കുറിച്ച് വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി തമിഴ്‌നാട് മുന്‍ മന്ത്രിയും അണ്ണാ ഡിഎംകെ എംഎല്‍എയുമായ ആര്‍.ബി.ഉദയകുമാര്‍. കേരളത്തിലെ ചില രാഷ്ട്രീയക്കാര്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ മുല്ലപ്പെരിയാറുമായി ബന്ധപ്പെടുത്തി നുണകള്‍ പ്രചരിപ്പിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെ കുറിച്ച് വ്യാജ പ്രചരണങ്ങള്‍ നടക്കുകയാണെന്നും ഉദയകുമാര്‍ പറഞ്ഞു.
' മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയേയും വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തേയും ബന്ധപ്പെടുത്തി കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ വ്യാജ പ്രചരണം നടത്തുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയെ കുറിച്ച് വ്യാജ പ്രചരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. 1979 മുതല്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ മുല്ലപ്പെരിയാര്‍ ഡാമിനു സുരക്ഷ കുറവാണെന്ന പ്രചാരണം നടത്തിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. എപ്പോള്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായാലും അതിനെ മുല്ലപ്പെരിയാര്‍ ഡാമുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നു,'
' ഡാം കേരളത്തില്‍ ആണെങ്കിലും അതിന്റെ പൂര്‍ണ അവകാശം തമിഴ്‌നാട് വാട്ടര്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനാണ്. റിസര്‍വോയറിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാമെന്നും ഡാം പൂര്‍ണ സുരക്ഷിതമാണെന്നും 2014 ല്‍ സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഓരോ മാസവും അധികൃതര്‍ കൃത്യമായ സുരക്ഷാ പരിശോധന നടത്തി കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. എന്നിട്ടും മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലെന്നും ഇടുക്കി ജില്ലയ്ക്ക് ഭീഷണിയാകുമെന്നും ചില രാഷ്ട്രീയ നേതാക്കള്‍ കുപ്രചരണം നടത്തുന്നു. മുല്ലപ്പെരിയാറിന്റെ സുരക്ഷയെ കുറിച്ച് ഇത്തരം നുണപ്രചരണങ്ങള്‍ നടത്തുന്നത് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കും,' ഉദയകുമാര്‍ പറഞ്ഞു.