ദുബായ്|
Sajith|
Last Modified തിങ്കള്‍, 21 മാര്‍ച്ച് 2016 (12:13 IST)
യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ എയര്‍
ഇന്ത്യ എക്‌സപ്രസ് വര്‍ധിപ്പിക്കുന്നു. ഇതുവരെയുണ്ടായിരുന്ന107 സര്‍വ്വീസില്‍നിന്നും 146 സര്‍വ്വീസുകളായാണ് വര്‍ധിപ്പിക്കുന്നത്. പ്രതിദിനം 21 സര്‍വീസുകള്‍ എന്ന നിലയിലേക്കു വര്‍ധിപ്പിക്കാനാണ് എയര്‍ ഇന്ത്യ എക്‌സപ്രസ് വര്‍ധിപ്പിക്കുന്നതെന്നു സി ഇ ഒ കെ ശ്യാം സുന്ദര്‍ പറഞ്ഞു. ഈ വര്‍ഷം ആറു പുതിയ വിമാനങ്ങള്‍ ഫ്‌ളീറ്റില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ മുതല്‍ കരിപ്പൂരില്‍നിന്നു ദുബായിലേക്കും തിരിച്ചും ദിവസം രണ്ടു സര്‍വീസുകള്‍ വീതമുണ്ടാകും. പുതിയ സര്‍വീസ് വൈകിട്ട് അഞ്ചിന് ദുബായില്‍നിന്നു പുറപ്പെടുന്ന രീതിയിലാണ് സമയം ക്രമീകരിക്കുക. കോഴിക്കോട്-കുവൈത്ത് സര്‍വീസ് ആഴ്ചയില്‍ മൂന്നില്‍നിന്ന് അഞ്ചായി വര്‍ധിപ്പിക്കും. കരിപ്പൂരില്‍നിന്നു ബഹ്‌റൈനിലേക്കും ദോഹയിലേക്കും തിരിച്ചും പുതിയ സര്‍വീസുകള്‍ ആരംഭിക്കും. റാസല്‍ ഖൈമയില്‍നിന്നും അല്‍ഐനില്‍നിന്നും രണ്ടു വിമാനങ്ങളും കോഴിക്കോട്ടേക്കു സര്‍വീസ് ആരംഭിക്കും. ദുബായ്-തിരുവനന്തപുരം സര്‍വീസ് അഞ്ചില്‍നിന്ന് ആറാക്കും. കണ്ണൂര്‍ വിമാനത്താവളം സജ്ജമാകുന്ന മുറയ്ക്ക് അവിടേക്കും സര്‍വീസുകള്‍ ആരംഭിക്കും. നിലവില്‍ തിരുവനന്തപുരം-ദുബായ് സെക്ടറില്‍ 930 സീറ്റുകളാണുള്ളത്. ഇത് 1116 ആയായിരിക്കും വര്‍ധിപ്പിക്കുക.
അല്‍ ഐന്‍-കോഴിക്കോട് സര്‍വീസ് ആഴ്ചയില്‍ നാലു ദിവസം നടത്തും. പുതിയ ആറ് ബോയിംഗ് 737 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വാങ്ങുക. ഏപ്രില്‍ ഏഴിന് ദുബായ്-മുംബൈ, ദുബായ്-ഷാര്‍ജ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കും. വെള്ളിയാഴ്ചകളിലും തിങ്കളാഴ്ചകളിലുമാണ് കോഴിക്കോട് അല്‍ ഐന്‍ റാസല്‍ ഖൈമ-കോഴിക്കോട് വിമാനങ്ങള്‍ ഉണ്ടാകുക. ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും ഇത് കോഴിക്കോട്-റാസല്‍ ഖൈമ, അല്‍ ഐന്‍ – കോഴിക്കോട് എന്ന നിലയിലായിരിക്കും.
സംസ്ഥാനത്തിനു പുറത്തുള്ള വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിക്കും. മുംബൈ, ദില്ലി എന്നിവിടങ്ങളിലേക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടി സര്‍വീസ് നടത്തും. പ്രത്യേക ഭക്ഷണം ആവശ്യമുള്ളവര്‍ക്കായി ഓണ്‍ലൈന്‍ ബുക്കിങ് വിഷുക്കാലത്തോടെ തുടങ്ങും. സൗജന്യമായി ഭക്ഷണം നല്‍കുന്ന ഏക ബജറ്റ് എയര്‍ലൈനാണ് എയര്‍ ഇന്ത്യ. വിഷുക്കാലത്തോടെ ആവശ്യക്കാര്‍ക്ക് പണം നല്‍കി ഭക്ഷണം നല്‍കുന്ന രീതി നടപ്പാക്കാനാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.