ദാവൂദിനെയും ഹാഫിസിനേയും പിടിക്കാന്‍ ഏതറ്റംവരെയും പോകും: രാജ്യവർധൻസിംഗ് റാത്തോഡ്

ന്യൂഡൽഹി| VISHNU N L| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (12:08 IST)
ദാവൂദ് ഇബ്രാഹിം, ഹാഫിസ് സയീദ് തുടങ്ങിയ ശത്രുക്കളെ പിടികൂടാൻ സര്‍ക്കാര്‍ ഏതറ്റംവരെയും പോകുമെന്ന് കേന്ദ്ര സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്. ദേശീയമാധ്യമമായ ആജ് തക്കിന്റെ പ്രത്യേക പരിപാടിയിലാണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി റത്തോഡ് സർക്കാർ നിലപാട് അറിയിച്ചത്.

ശത്രുക്കളെ ഇല്ലായ്മ ചെയ്യാൻ സർക്കാർ എപ്പോഴും തയാറാണ്. ഒളിയാക്രമണമാണോ സൈനിക നടപടിയാണോ എന്ന് നടപ്പാക്കി കഴിഞ്ഞതിനു ശേഷം അറിയിക്കുമെന്നും റത്തോ‍ഡ് പറഞ്ഞു. എന്നു ചെയ്യണമെന്നത് സർക്കാരാണ് തീരുമാനിക്കുന്നത്. ആക്രമണം ഇപ്പോൾ നടക്കുന്നുണ്ടോ ഇല്ലയോ എന്ന് ആർക്കും അറയില്ല. നടന്നുകഴിയുമ്പോള്‍ അതു വെളിപ്പെടുത്തും. ഭീകരരെക്കുറിച്ചു ചിന്തിച്ചോണ്ടിരിക്കുകയാണെന്ന് അവർ തെറ്റിദ്ധരിക്കേണ്ട. ശത്രുക്കളെ ഇല്ലായ്മ ചെയ്യാൻ സജ്ജമാണ്, റത്തോ‍ഡ് കൂട്ടിച്ചേർത്തു.

മോഡി സർക്കാർ അധികാരത്തിലേറി 15 മാസമായിട്ടും ഭീകരർക്ക് പാക്കിസ്ഥാൻ അഭയം നൽകുന്നത് തടയാനായിട്ടില്ല. ഇപ്പോൾ ഫയലുകൾ (ഡോസ്സിയർ) കൈമാറുകയാണ് ചെയ്യുന്നതെന്നുമുള്ള ആരോപണം ഉയർന്നപ്പോൾ ഫയൽ കൈമാറ്റത്തൊടൊപ്പം മറ്റു മാർഗങ്ങളും അവലംബിക്കാറുണ്ടെന്നും എന്തു സംഭവിച്ചാലും അത് അറിയിക്കുമെന്നും റത്തോഡ് പറഞ്ഞു.

അതേസമയം, ഒളിയാക്രമണത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് റത്തോഡ് പിന്നീട് ട്വീറ്റ് ചെയ്തു. ഡോസ്സിയർ നയതന്ത്രത്തെക്കുറിച്ചാണ് സംസാരിച്ചതെന്നും റത്തോഡ് വ്യക്തമാക്കി. ഇന്ത്യ തിരയുന്ന കൊടും‌കുറ്റവാളികളായ ദാവൂദ് ഇബ്രാഹിമും ഹാഫിസ് സയിദും പാകിസ്ഥാനിലാണുള്ളത്. ദാവൂദ് പാക്കിസ്ഥാനിലെ കറാച്ചിയിലും ഹാഫിസ് സയീദ് ലഹോറിലുമാണുള്ളതെന്നാണ് ഇന്ത്യൻ സുരക്ഷാ സേന വിശ്വസിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :