'തെറി'യില്‍ ഇളയദളപതിയ്ക്കൊപ്പം മകള്‍ ദിവ്യയും

ചെന്നൈ| Sajith| Last Modified വെള്ളി, 22 ജനുവരി 2016 (15:38 IST)
ഇളയദളപതി വിജയ്‌യുടെ മകള്‍ ദിവ്യയും അഭിനയരംഗത്തേക്ക്. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം 'തെറി'യിലൂടെയാണ് ദിവ്യ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിജയ്‌യുടെ മകളായിത്തന്നെയാണ് ദിവ്യ ഈ ചിത്രത്തില്‍ എത്തുന്നത്.

രണ്ട് മക്കളുടെ അച്ഛനായാണ് വിജയ് ഈ ചിത്രത്തില്‍ എത്തുന്നത്. വിജയ്‌യുടെ മറ്റൊരു മകളായി, പ്രശസ്ത ദക്ഷിണേന്ത്യന്‍ നടി മീനയുടെ മകള്‍ നൈനികയും അഭിനയിക്കുന്നു. എമി ജാക്‌സനാണ് ദിവ്യയുടെ അധ്യാപികയായി ചിത്രത്തിലെത്തുന്നത്. ലഡാക്കില്‍ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. വിജയ്ക്കൊപ്പം മകളും ചിത്രീകരണ സ്ഥലത്തുണ്ടെന്നാണ് സിനിമാലോകം നല്‍കുന്ന സൂചന.

'തെറി' വിജയ്‌യുടെ അന്‍പത്തിയൊന്‍പതാമത്തെ ചിത്രമാണ്. വിജയ് മൂന്ന് വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സമാന്തയും എമി ജാക്‌സണുമാണ് 'തെറി'യില്‍ വിജയുടെ നായികമാര്‍.

ജി വി പ്രകാശ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കലോയണ്‍ വോഡ്‌നിഷ്‌റോഫാണ്. ട്രോയ്, മിഷന്‍ ഇംപോസിബിള്‍ എന്നീ ഹിറ്റ് ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചതും കലോയണ്‍ ആയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :