മമ്മൂട്ടിയുടെ തമിഴ് ചിത്രം; 'പേരന്‍പി'ന്റെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ചെന്നൈ| Sajith| Last Modified ശനി, 16 ജനുവരി 2016 (14:19 IST)
ഒരിടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴ് സിനിമയില്‍ അഭിനയിക്കുന്നു. ദേശീയ പുരസ്‌കാര ജേതാവും തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളുമായ റാം സംവിധാനം ചെയ്യുന്ന 'പേരന്‍പി' ലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പേരന്‍പിന്റെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു. ഈ മാസം ആദ്യം ചിത്രീകരണം ആരംഭിച്ച 'പേരന്‍പി'ല്‍ അഞ്ജലിയാണ് നായിക. 'തങ്കമീന്‍കളി'ലൂടെ ദേശീയ പുരസ്‌കാരം നേടിയ ബാലതാരം സാധനയും മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.

അച്‌ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുകയാണ് ഈ ചിത്രം. നിരവധി വ്യത്യസ്ത വേഷങ്ങള്‍ തന്മയത്വത്തോടെ കൈകാര്യം ചെയ്ത മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു പൊന്‍തൂവലായിരിക്കും ഈ ചിത്രം എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാന്‍ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിലെ വരികള്‍ രചിച്ചിരിക്കുന്നത് എന്‍ എ മുത്തുകുമാറാണ്.

നീണ്ട ആറു വര്‍ഷത്തെ ഇടവേളക്കു ശേഷം മമ്മൂട്ടി തമിഴില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
കെ മധു സംവിധാനം ചെയ്ത 'മൗനം സമ്മതം' എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി ആദ്യമായി തമിഴില്‍ അഭിനയിക്കുന്നത്. 'അഴകന്‍ ', 'ദളപതി', 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്നീ ചിത്രങ്ങളിലും തന്റേതായ അഭിനയശൈലി കാഴ്ച വെയ്ക്കാന്‍ മമ്മൂട്ടിക്കു കഴിഞ്ഞു. 2010-ല്‍ പുറത്തിറങ്ങിയ 'വന്ദേമാതരം' എന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ അവസാന തമിഴ് ചിത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :