മഹാ സമ്പര്‍ക്ക് അഭിയാനുമായി ബിജെപി, കോണ്‍ഗ്രസ് ആരോപണങ്ങളുടെ മുനയൊടിക്കുക ലക്ഷ്യം

ബംഗളൂരു| VISHNU N L| Last Modified വെള്ളി, 3 ഏപ്രില്‍ 2015 (15:30 IST)
ഭൂമിയേറ്റെടുക്കല്‍ നിയമത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പ്രതിഡപക്ഷത്തിന്റെ മുനയൊടിക്കാന്‍ മഹാ സംബര്‍ക്ക് അഭിയാന്‍ എന്ന ഗൃഹ സമ്പര്‍ക്ക യജ്ഞത്തിന് തുടക്കമിടാന്‍ ബിജെപി തീരുമാനിച്ചു. ബംഗളൂരുവില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വഹക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങളിലെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. നിയമത്തില്‍ പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയമായി നേട്ടം കൊയ്യുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് പുതിയ തീരുമാനവുമായി പാര്‍ട്ടി രംഗത്ത് വന്നിരിക്കുന്നത്.

ഇതിനായി കാല്‍ ലക്ഷത്തോളം അംഗങ്ങളെ പ്രത്യേകമായി പരിശീലിപ്പിച്ച് ജനങ്ങള്‍ക്കിടയിലേക്ക് അയയ്ക്കുമെന്നാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. കേരളവും തമിഴ്‌നാടുമുള്‍പ്പെടെ അടുത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന ബിജെപി ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കാനും ബിജെപി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ പങ്കെടുക്കില്ലെന്ന് എല്ലാവരും കരുതിയിരുന്ന എല്‍ കെ അധ്വാനി സമ്മേളനത്തില്‍ എത്തിയത് വിമര്‍ശകരെ അമ്പരിപ്പിച്ചിട്ടുണ്ട്.

സമ്മേളനം ഉദ്ഘാടനം ചെയ്തത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ്. 2014 ബിജെപിയുടെ വിജയവര്‍ഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കുറ്റങ്ങള്‍ കണ്ടെത്തുന്നതിനു പകരം കാണാതായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടുപിടിക്കണമെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയുടെ അംഗസംഖ്യ 10 കോടി കവിയാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ തന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രചരണ പരിപാടികളുണ്ടാകുമെന്ന് ഇതിന് മുന്നോടിയായി നടന്ന ഭാരവാഹിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞിരുന്നു.

നരേന്ദ്രമോഡി പ്രധാനമന്ത്രിയും അമിത് ദേശീയ അധ്യക്ഷനുമായ ശേഷമുള്ള ബിജെപിയുടെ ആദ്യ നിര്‍വാഹക സമിതിയോഗമാണ് ഇത്. രാഷ്ട്രീയത്തില്‍ ഏറ്റുമുട്ടലിന്റെ കാലം കഴിഞ്ഞെന്നും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളാണ് ഏവരില്‍നിന്നും ഉണ്ടാകേണ്ടതെന്നും മോഡി പറഞ്ഞു. പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന അംഗങ്ങള്‍ക്കായി പ്രത്യേക ശില്‍പശാലകള്‍ സംഘടിപ്പിക്കുമെന്നും മോഡി പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :