വിമാനം പറത്തരുതെന്ന് അമേരിക്ക; പറപ്പിച്ചിരിക്കുമെന്ന് ഇന്ത്യ

അമേരിക്ക, ഇന്ത്യ, ഒബാമ, റിപ്പബ്ലിക് ദിനം
ന്യൂഡല്‍ഹി| vishnu| Last Modified ഞായര്‍, 18 ജനുവരി 2015 (13:28 IST)
റിപ്പബ്ളിക് ദിനത്തില്‍ രാജ്പഥില്‍ വ്യോമഗതാഗതം നിരോധിക്കണമെന്ന യുഎസ് സുരക്ഷാ ഏജന്‍സികളുടെ ആവശ്യം തള്ളി. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ സുരക്ഷ പരിഗണിച്ചാണ് വ്യോമഗതാഗതം നിരോധിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ വ്യോമഗതാഗതം നിരോധിക്കണമെന്നായിരുന്നു യുഎസ് സുരക്ഷാ ഏജന്‍സികളുടെ ആവശ്യം.

'റിപബ്ളിക് ദിനത്തില്‍ രാജ്പഥിലെ വ്യോമഗതാഗതം നിരോധിക്കാനാവില്ല. പരേഡില്‍
യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇതുവഴിയുള്ള വാണിജ്യ വിമാനങ്ങളുടെ വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ടെന്നും ഇന്ത്യ അറിയിച്ചു. 60 മീറ്റര്‍ മുതല്‍ 300 മീറ്റര്‍ വരെ ഉയരത്തിലാണ് വിമാനങ്ങളും കോപ്ടറുകളും പറക്കുക. കൂടാതെ നേവിയുടെ ആദ്യത്തെ സൂപ്പര്‍ സോണിക് യുദ്ധ വിമാനങ്ങളായ മിഗ് 29 കെ, സുഖോയ് 30 എം.കെ.ഐ, ജാഗ്വാര്‍ വിമാനങ്ങള്‍ എന്നിവയും പരേഡില്‍ പങ്കെടുക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ഉത്തരേന്ത്യയിലെ വിവിധ എയര്‍ബേസുകളില്‍ നിന്ന് പറന്നുയര്‍ന്ന് രാജ്പഥിന് മുകളിലെത്തുകയാണ് ചെയ്യുന്നത്.

റിപ്പബ്ളിക് ദിന പരേഡിന് മാത്രമാണ് രാജ്പഥില്‍ വ്യോമനിരോധനത്തിന് ഇളവ് നല്‍കുന്നത്. ഇരട്ട എഞ്ചിനുള്ള സൈനിക വിമാനങ്ങളും ഹെലികോപ്ടറുകളും മാത്രമാണ് അപ്പോള്‍ രാജ്പഥിന് മുകളിലൂടെ പറക്കുക. പത്തു മിനിട്ടിനുള്ളില്‍ പരേഡ് പൂര്‍ത്തിയാക്കി വിമാനങ്ങള്‍ മടങ്ങുകയും ചെയ്യും. രാഷ്ട്രപതി ഭവന്‍, പ്രധാനമന്ത്രിയുടെ വസതി, സൗത്ത്, നോര്‍ത്ത് ബ്ലോക്കുകളും മറ്റ് പ്രധാന സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നതിനാല്‍ തന്നെ ശേഷിക്കുന്ന കാലം ഇവിടെ വ്യോമഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

ഇതാദ്യമായല്ല ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യ ഗേറ്റിനു സമീപത്തേക്ക് അമേരിക്കന്‍ വാഹനത്തില്‍ എത്തണമെന്ന നിബന്ധന അമേരിക്കന്‍ രഹസ്യ സര്‍വിസ് നേരത്തെ ഇന്ത്യയെ അറിയിച്ചിരുന്നു. രാഷ്ട്രപതി ഭവനില്‍നിന്ന് രാജ്പഥിലൂടെ ഇന്ത്യാ ഗേറ്റിനടുത്തെ പ്രത്യേക വേദിയിലേക്ക് രാഷ്ട്രപതിക്കൊപ്പം മുഖ്യാതിഥി എത്തുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ പ്രണബ് മുഖര്‍ജിക്കൊപ്പം അതേ കാറില്‍ ബറാക് ഒബാമയ്ക്ക് സഞ്ചരിക്കാനാവില്ലെന്നാണ് അമേരിക്കന്‍ ഏജന്‍സികളുടെ നിലപാട്.

ഒന്നുകില്‍ രണ്ടു കാറുകളിലായി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഒബാമയും പ്രത്യേക വേദിയിലേക്ക് എത്താം. അതല്ലെങ്കില്‍, അമേരിക്കന്‍ പതാകയുള്ള പ്രസിഡന്റിന്റെ കാറില്‍ രാഷ്ട്രപതിയും കയറണം. അമേരിക്കയില്‍ നിന്ന് വിമാനമാര്‍ഗം എത്തിക്കുന്ന പ്രസിഡന്റി കാറിലാണ് എവിടെപ്പോയാലും യു.എസ് പ്രസിഡന്‍റ് യാത്ര ചെയ്യുന്നതെന്നാണ് ഇതിന് അമേരിക്ക പറയുന്ന ന്യായം. ഒബാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഡല്‍ഹി, ഡല്‍ഹി-ആഗ്ര ഹൈവേകളില്‍ ഈ മാസം 25 മുതല്‍ 27 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താനും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :