തിരുവനന്തപുരം|
Joys Joy|
Last Modified തിങ്കള്‍, 9 ഫെബ്രുവരി 2015 (08:32 IST)
ദേശീയഗെയിംസില്‍ അത്‌ലറ്റിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് അത്‌ലറ്റിക്സ് മത്സരങ്ങള്‍ നടക്കുന്നത്. നിലവില്‍ നാലാം സ്ഥാനത്താണ് കേരളം. നില മെച്ചപ്പെടുത്തണമെങ്കില്‍ ഇന്ന് തുടങ്ങുന്ന അത്‌ലറ്റിക്സ് മത്സരങ്ങളില്‍ നില മെച്ചപ്പെടുത്തണം.
2011ല്‍ നടന്ന റാഞ്ചി ഗെയിംസില്‍ അത്‌ലറ്റിക്സില്‍ ചാമ്പ്യന്മാരായിരുന്നു കേരളം. ഒമ്പതു സ്വര്‍ണമടക്കം 27 മെഡലുകള്‍ ആയിരുന്നു അത്‌ലറ്റിക്സില്‍ കേരളം നേടിയത്. സ്വന്തം നാട്ടില്‍ നടക്കുന്ന ദേശീയഗെയിംസില്‍ കുറഞ്ഞത് 15 സ്വര്‍ണമെങ്കിലും ലഭിക്കണമെന്ന പ്രതീക്ഷയോടയാണ് കേരളം ഇന്ന് ഇറങ്ങുന്നത്.
പ്രീജ ശ്രീധരന്‍, ടിന്റു ലൂക്ക, ഒ പി ജയ്‌ഷ, എം എ പ്രജുഷ, സിനിമോള്‍ മര്‍ക്കോസ്, ജോസഫ് എബ്രഹാം, രഞ്ജിത് മഹേശ്വരി, സജീഷ് ജോസഫ്, ശ്രീനിത്ത് മോഹന്‍ എന്നിവരിലാണ് കേരളത്തിന്റെ പ്രതീക്ഷ. അതേസമയം, ടിന്റു ലൂക്ക 400 മീറ്ററിലും ജസി ജോസഫ് 800 മീറ്ററിലും മത്സരിക്കില്ലെന്ന് പരിശീലക പി ടി ഉഷ അറിയിച്ചു.
അത്‌ലറ്റിക്സിനുള്ള പുരുഷ വിഭാഗത്തില്‍ 46 പേരും വനിതാവിഭാഗത്തില്‍ 42 പേരുമാണ് മത്സരിക്കുന്നത്. ഗോപാലകൃഷ്‌ണ പിള്ളയാണ് മുഖ്യ പരിശീലകന്‍. കൂടാതെ, പതിനാലംഗ പരിശീലനസംഘവും ടീമിനൊപ്പമുണ്ട്.