കൊച്ചി|
vishnu|
Last Modified വെള്ളി, 6 ഫെബ്രുവരി 2015 (18:59 IST)
വിവാദങ്ങളും പരാതികളിം വിടാതെ പിന്തുടരുന്ന ദേശീയ ഗെയിംസിന് പുതിയ കളങ്കം കൂടി. ഗെയിംസ് താരങ്ങളും,ഒഫിഷ്യലും താമസിക്കുന്ന ഹോട്ടല്‍ അടച്ചുപൂട്ടാന്‍ കൊച്ചി നഗരസഭ നീക്കം തുടങ്ങി. ഇത് സംബന്ധിച്ച നടപടികളുടെ ഭാഗമായി നഗരസഭ ഹോട്ടല്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്നുദിവസത്തിനകം എല്ലാ താമസക്കാരേയും ഒഴിപ്പിച്ച് ഹോട്ടല്‍ അടച്ചുപൂട്ടാനാണ് നോട്ടീസിലെ നിര്‍ദ്ദേശം.
വൈറ്റിലയിലെ എമറാള്‍ഡ് ഹോട്ടലിനാണ് അടച്ചുപൂട്ടല്‍ നോട്ടീസ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നതിന്‍റെ പേരിലാണ് നോട്ടീസ്. എന്നാല്‍ ഇതേ ഹോട്ടലില്‍ തന്നെ താരങ്ങള്‍ക്ക് താമസ സൌകര്യം ഒരുക്കിയ അക്കമഡേഷന്‍ കമ്മറ്റി ചെയര്‍മാനായിരിക്കുന്നത് കൊച്ചി മേയര്‍ ടോണി ചമ്മിണിയാണ്. ചമ്മിണി മേയറായിരിക്കുന്ന നഗരസഭ തന്നെ താരങ്ങളെ വഴിയില്‍ ഇറക്കിവിടാന്‍ തീരുമാനിച്ചതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
ഗെയിംസ് കഴിയുന്നതുവരെ ഹോട്ടലിനെതിരെ നടപടി ഉണ്ടാകില്ലെന്ന് മേയര്‍ ഉറപ്പ് നല്‍കിയിരുന്നതാണ്. ഇത് മറികടന്നാണ് നഗരസഭാ സെക്രട്ടറി ഹോട്ടലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ചയ്ക്കുള്ളില്‍ ഹോട്ടല്‍ അടച്ചുപൂട്ടുന്നില്ലെങ്കില്‍ ഇനിയൊരു അറിയിപ്പില്ലാതെ കൊച്ചി നഗരസഭ ഹോട്ടല്‍ അടച്ചുപൂട്ടുമെന്നാണ് മുന്നറിയിപ്പ്.ഇതോടെ ദേശീയ ഗെയിംസ് താരങ്ങളുടെ താമസ സൗകര്യം അനിശ്ചിതത്വത്തിലായി.