ദേവനെ പ്രീതിപ്പെടുത്താന്‍ പറ്റില്ലെന്ന്

WEBDUNIA| Last Modified ബുധന്‍, 21 ജനുവരി 2009 (12:04 IST)
ബഷീര്‍ ജന്മശതാബ്ദി നല്ല രീതിയില്‍ കേരളത്തില്‍ കൊണ്ടാടാതെ വിദേശത്തേക്ക് മാറ്റുകയാണെന്ന എം.വി. ദേവന്‍റെ പ്രസ്താവനയെ കേരള സാഹിത്യ അക്കാദമി നിശിതമായി വിമര്‍ശിച്ചു. എം.വി. ദേവനെ പ്രീതിപ്പെടുത്താനായി ദേവന്‍ പറയുന്ന പോലെ ബഷീര്‍ ആഘോഷങ്ങള്‍ നടത്താനുള്ള സ്ഥാപനമല്ല എന്നാണ് സാഹിത്യ അക്കാദമി പ്രതികരിച്ചിരിക്കുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരനായ ബഷീറിന്‍റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ കേരളത്തിലാണ് കൊണ്ടാടേണ്ടത് എന്ന് തൃശ്ശൂരില്‍ നടന്ന ഒരു ചടങ്ങില്‍ എം.വി. ദേവന്‍ പറഞ്ഞിരുന്നു. മലയാളികളുമായി ബന്ധപ്പെട്ട പരിപാടികള്‍ എന്തിനാണ് വിദേശത്തേക്ക് പറിച്ചുനടുന്നതെന്നും ദേവന്‍ ചോദിച്ചിരുന്നു.

ബഷീറിന്‍റെ ജന്മശതാബ്ദി വൈലാലിലെ മാങ്കോസ്റ്റൈന്‍ മാവിന്‍‌ ചുവട്ടില്‍ തുടങ്ങി അവിടെ തന്നെ അവസാനിപ്പിക്കാന്‍ അക്കാദമി ഉദ്ദേശിക്കുന്നില്ലെന്ന് അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി പറഞ്ഞു. മലയാള സാഹിത്യത്തെയും ഭാഷയെയും സ്നേഹിക്കുന്ന കേരളീയര്‍ ലോകത്ത് എവിടെ താമസിച്ചാലും അവരൊക്കെയും കേരളത്തിന് പുറത്താണുള്ളതെന്ന് പറഞ്ഞ് കയ്യൊഴിയാന്‍ അക്കാദമിക്ക് ആവില്ലെന്നും പുരുഷന്‍ പറഞ്ഞു.

ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ബഷീര്‍ ജന്മശതാബ്ദിയോട് അനുബന്ധിച്ച് അക്കാദമി ഒരുക്കുന്നത്. ഇതൊക്കെ ദേവനെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ നടത്താന്‍ അക്കാദമിക്ക് ബുദ്ധിമുട്ടുകളുണ്ടെന്നും പുരുഷന്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :