ഡോക്‌ടര്‍മാരുമായി നാളെ ചര്‍ച്ചയില്ല

തിരുവനന്തപുരം| WEBDUNIA|
PRO
ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്‌ടര്‍മാര്‍ നടത്തിയ സമരം പിന്‍വലിച്ചെങ്കിലും ഡോക്‌ടര്‍മാരുമായി നാളെ ചര്‍ച്ച നടത്തില്ലെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു. സ്വകാര്യ പ്രാക്‌ടീസ് നിരോധന ഉത്തരവ് നിലവില്‍ വന്ന ശേഷവും ശമ്പള പരിഷ്‌കരണ നടപടി ക്രമം പൂര്‍ത്തിയാക്കിയതിനു ശേഷവും മാത്രമേ ചര്‍ച്ച നടത്തു. കെ ജി എം സി ടി എയുടെ നിവേദനവും ചര്‍ച്ചയ്‌ക്ക് മുമ്പായി പരിഗണിക്കും.

പേവാര്‍ഡുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായശേഷം മാത്രമേ ഡോക്‌ടര്‍മാരുമായി ഇനി ചര്‍ച്ച നടത്തുകയുള്ളൂവെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി നേരത്തെ അറിയിച്ചിരുന്നു.

ഡോക്‌ടര്‍മാരുടെ ശമ്പളം ഇനി വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. സ്വകാര്യ പ്രാക്‌ടീസ് നിരോധനം പിന്‍‌വലിക്കില്ല. ശമ്പള പരിഷ്കരണ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കാ‍യി ഡോക്ടര്‍മാര്‍ താല്‍ക്കാലികമായി സമരം നിര്‍ത്തിവച്ചിരുന്നു. നാളെ രാ‍വിലെ ഒമ്പത് മണിക്ക് സര്‍ക്കാരുമായി കെ ജി എം സി ടി എ ഭാരവാഹികള്‍ ചര്‍ച്ച നടത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.

സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന ആരോഗ്യ മന്ത്രി പി കെ ശ്രീമതി കഴിഞ്ഞ ദിവസം അറിയിച്ചതിനനുസരിച്ചാണ് ഡോക്ടര്‍മാര്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :