ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി ലഭിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യ അറസ്റ്റില്‍ !

രേണുക വേണു| Last Modified ബുധന്‍, 15 ജൂണ്‍ 2022 (08:25 IST)

ഇന്‍ഷുറന്‍സ് തുകയായ ഒരു കോടി രൂപ ലഭിക്കാന്‍ വേണ്ടി ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യ പൊലീസ് പിടിയില്‍. ലാത്തൂര്‍ ത്രേണാപുര്‍ സ്വദേശി മഞ്ചക് ഗോവിന്ദ് പവാര്‍ (45) ആണ് മരിച്ചത്. മുംബൈയിലെ ബീഡ് ജില്ലയിലാണ് സംഭവം. ഗോവിന്ദ് പവാറിന്റെ ഭാര്യ ഗംഗാബായി (37) ആണ് പൊലീസ് പിടിയിലായത്. ഗംഗാബായിയാണ് ക്രൂരകൃത്യത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ജൂണ്‍ 11-ന് അഹമ്മദ്‌നഗര്‍ ഹൈവേയിലെ ബീഡ് പിമ്പര്‍ഗവന്‍ റോഡിലാണ് പവാറിന്റെ മൃതദേഹം കണ്ടെത്തിയത്. തലയ്ക്കേറ്റ മര്‍ദനമാണ് മരണകാരണമെന്ന് പരിശോധനയില്‍ വ്യക്തമായി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ഗംഗാബായിയുടെ മൊഴിയില്‍ പൊലീസിന് തുടക്കം മുതല്‍ സംശയമുണ്ടായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് ഗംഗാബായി കുറ്റം സമ്മതിച്ചത്. രണ്ട് ലക്ഷം രൂപ വീതം നല്‍കിയാണ് ഗംഗാബായി രണ്ട് കൊലയാളികളെ വാടകയ്‌ക്കെടുത്തത്. സംഭവത്തില്‍ എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :