കൊച്ചി|
JOYS JOY|
Last Updated:
ശനി, 28 മെയ് 2016 (09:17 IST)
പദവി സംബന്ധിച്ച് പാര്‍ട്ടി സെക്രട്ടറിക്ക് നല്കിയ വിവാദക്കുറിപ്പില്‍ പ്രതികരിക്കാതെ വി എസ് അച്യുതാനന്ദന്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മാധ്യമങ്ങള്‍ വളഞ്ഞെങ്കിലും ഈ വിഷയത്തില്‍ ഒരു വാക്കു പോലും പറയാന്‍ വി എസ് തയ്യാറായില്ല. ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം പെട്ടെന്നു തന്നെ പോകുകയും ചെയ്തു.
അതേസമയം, വി എസിന് എന്തു പദവി നല്കണമെന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സി പി എം പോളിറ്റ് ബ്യൂറോ ഞായറാഴ്ച ചേരും. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടക്കുന്ന പോളിറ്റ് ബ്യൂറോയില്‍ വി എസിന് എന്തു പദവി നല്കണം എന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും. വി എസിന് കാബിനറ്റ് റാങ്കോടു കൂടിയ മികച്ച ഒരു പദവി നല്കുന്നതായിരിക്കുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പു തന്നെ അദ്ദേഹത്തിനു പാര്‍ട്ടി നേതൃത്വം ഉറപ്പു നല്കിയിരുന്നു.
പോളിറ്റ് ബ്യൂറോ ചേര്‍ന്ന് വി എസിന് എന്തു പദവി കൊടുക്കണം എന്നത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടാലും സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത്. അതുകൊണ്ട്, പി ബി തീരുമാനം എടുത്താലും അന്തിമതീരുമാനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനു മുമ്പില്‍ വെയ്ക്കും.