തിരുവനന്തപുരം|
JOYS JOY|
Last Modified ഞായര്‍, 15 മെയ് 2016 (18:03 IST)
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇ എസ് മാജി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 140 മണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടത്തിപ്പിനായി പ്രശ്‌നബാധിത മേഖലയായ കണ്ണൂരില്‍ പ്രത്യേക സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിശ്ചിത ബൂത്തുകളില്‍ കേന്ദ്രസേനയും തെരഞ്ഞെടുപ്പ് നിരീക്ഷകരും തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ ഉണ്ടാകുമെന്നും കമ്മീഷണര്‍ അറിയിച്ചു.
എല്ലാ ബൂത്തുകളിലും ലൈവ് വെബ് കാസ്റ്റിംഗ് സംവിധാനം ഉണ്ടാകും. അയല്‍ജില്ലകളില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് നിരീക്ഷകരെ കണ്ണൂരില്‍ നിയമിക്കും. സംസ്ഥാനതലത്തില്‍ 52, 000 ത്തോളം വരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ ദ്രുതകര്‍മ്മസേനയും ഹോം ഗാര്‍ഡും തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാന്‍ ഉണ്ടാകുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
നാളെ വോട്ടിംഗ് കഴിഞ്ഞ് 19നുള്ള വോട്ടെണ്ണലിനായി 80 കൌണ്ടിംഗ് സെന്ററുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. ട്രെന്‍ഡ് വെബ്‌സൈറ്റിലൂടെ തെരഞ്ഞെടുപ്പ് ഫലം ഈ വര്‍ഷവും അപ്പപ്പോള്‍ അറിയുവാന്‍ സാധിക്കും.