വിഴിഞ്ഞം തുറമുഖ പദ്ധതിയെ ഇടതുപക്ഷം എതിര്‍ത്തിരുന്നോ? സത്യാവസ്ഥ ഇതാണ്

2015 ഓഗസ്റ്റ് 17 ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണ് വിഴിഞ്ഞം പദ്ധതി കരാര്‍ ഒപ്പുവെച്ചത്

രേണുക വേണു| Last Modified വ്യാഴം, 11 ജൂലൈ 2024 (11:26 IST)

കേരളത്തിനു അഭിമാനമായി വിഴിഞ്ഞം തുറമുഖം പദ്ധതി യാഥാര്‍ഥ്യമാകുകയാണ്. വിഴിഞ്ഞം പദ്ധതിയിലൂടെ 650 പേര്‍ക്ക് നേരിട്ടും 5000 പേര്‍ക്ക് അല്ലാതെയും ജോലി ലഭിക്കുമെന്നാണ് അദാനി പോര്‍ട്ട് അവകാശപ്പെടുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നാടിന്റെ പുരോഗതിയില്‍ നാഴികക്കല്ലായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതേസമയം വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ തങ്ങളുടെ ഭരണ മികവിന്റെ ഉദാഹരണമായി വിഴിഞ്ഞം പദ്ധതിയെ അവതരിപ്പിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വപ്ന പദ്ധതിയാണ് ഇതെന്ന മറുവാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് വിഴിഞ്ഞം പദ്ധതിക്കെതിരെ സമരം നടത്തിയവരാണ് ഇടതുപക്ഷമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. എന്നാല്‍ എന്താണ് വസ്തുത?

2015 ഓഗസ്റ്റ് 17 ന് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരാണ് വിഴിഞ്ഞം പദ്ധതി കരാര്‍ ഒപ്പുവെച്ചത്. എന്നാല്‍ പദ്ധതിയുടെ 90 ശതമാനം നിര്‍മാണവും പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്താണ് നടന്നത്. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീരുമാനത്തെയാണ് അന്ന് ഇടതുപക്ഷം ശക്തമായി എതിര്‍ത്തത്. സിപിഎം പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ അന്ന് തന്നെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

വിഴിഞ്ഞം പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്നും സംസ്ഥാനത്തിന്റെ മുഖച്ഛായ മാറാന്‍ ഈ പദ്ധതി യാഥാര്‍ഥ്യമാകേണ്ടത് അത്യാവശ്യമാണെന്നും സിപിഎം അക്കാലത്ത് നിലപാടെടുത്തു. വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെയാണ് പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുന്നതെന്നും ഈ തീരുമാനത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്മാറണമെന്നും ആയിരുന്നു അന്ന് സിപിഎം ആവശ്യപ്പെട്ടത്. ക്രമം വിട്ട രീതികളെ എതിര്‍ക്കുകയും അതേസമയം പദ്ധതി പൂര്‍ത്തീകരണത്തിനു പ്രതിപക്ഷമെന്ന നിലയില്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്നും പിണറായി വിജയന്‍ പരസ്യമായി പറഞ്ഞിരുന്നു.

പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ മറികടന്നാണ് 2015 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാര്‍ ഒപ്പുവെച്ചത്. വിഴിഞ്ഞം പദ്ധതി സ്വകാര്യ കമ്പനിക്ക് നല്‍കാതെ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിനു നല്‍കണമെന്നായിരുന്നു ഇടതുപക്ഷത്തിന്റെ പ്രധാന ആവശ്യം. 2016 ല്‍ ഇടതുപക്ഷം അധികാരത്തിലെത്തുന്നതിനു തൊട്ടുമുന്‍പും വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് പിണറായി നിലപാട് അറിയിച്ചിരുന്നു. അദാനി ഗ്രൂപ്പുമായി കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തിയാലും പദ്ധതി തടസമില്ലാതെ മുന്നോട്ടു പോകുമെന്നായിരുന്നു പിണറായിയുടെ നിലപാട്. അധികാരത്തിലെത്തിയ ശേഷം അദാനി ഗ്രൂപ്പിനെ മാറ്റി പുതിയ കരാറുകാരെ കണ്ടെത്താന്‍ നിന്നാല്‍ പദ്ധതി വൈകുമെന്നും അത് സംസ്ഥാനത്തിനു ഗുണം ചെയ്യില്ലെന്നും പിണറായി പറഞ്ഞിരുന്നു. അങ്ങനെയാണ് അദാനി ഗ്രൂപ്പുമായി മുന്നോട്ടു പോകാന്‍ ഇടതുപക്ഷവും തീരുമാനിച്ചത്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് തുറമുഖ നിര്‍മാണ പദ്ധതി ഇഴയുകയായിരുന്നു. ഇതിനെതിരെ മനുഷ്യ ചങ്ങല അടക്കം അന്ന് ഇടതുപക്ഷം തീര്‍ത്തിരുന്നു. പദ്ധതി വേഗം നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് തലസ്ഥാനത്ത് നിരവധി സമരങ്ങള്‍ക്കാണ് അന്ന് സിപിഎം നേതൃത്വം കൊടുത്തത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം പദ്ധതിക്കെതിരെ ചില എതിര്‍പ്പുകള്‍ വന്നപ്പോള്‍ അതിനെ രാഷ്ട്രീയമായി മുതലെടുക്കുകയാണ് യുഡിഎഫ് ചെയ്തത്. വിഴിഞ്ഞം പദ്ധതിക്കെതിരായ സമരത്തിനു തങ്ങള്‍ ജീവന്‍ കൊടുത്തും ഒപ്പം നില്‍ക്കുമെന്നാണ് നിയമസഭയില്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവായ വി.ഡി.സതീശന്‍ പറഞ്ഞത്.


യഥാര്‍ഥത്തില്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതിയെ കുറിച്ച് ആലോചനകള്‍ നടക്കുന്നത്. 2009 ല്‍ വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് വിഴിഞ്ഞം പദ്ധതി പഠനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനെ നിയമിച്ചു. ടെന്‍ഡര്‍ വിളിക്കാനുള്ള നടപടികള്‍ ആരംഭിച്ചതും വി.എസ്.സര്‍ക്കാരാണ്. അന്ന് ടെന്‍ഡര്‍ ലഭിച്ച കമ്പനിയെ ചൈനീസ് ബന്ധം ആരോപിച്ച് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നിഷേധിച്ചു. രണ്ടാം ഘട്ട ടെന്‍ഡര്‍ നടപടിക്ക് ആരംഭം കുറിച്ചതും വി.എസ് സര്‍ക്കാര്‍ തന്നെയാണ്. പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പദ്ധതിയിലെ മെല്ലെപ്പോക്ക് നയത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധ കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :