വെള്ളാപ്പള്ളിയുടെ അവസരവാദ രാഷ്‌ട്രീയം ചെലവാകില്ല; വെള്ളാപ്പള്ളിയെ തള്ളി കോടിയേരിയും കോണ്‍ഗ്രസും

വെള്ളാപ്പള്ളി, ബി ഡി ജെ എസ്, ബി ജെ പി, കൊടിയേരി
ആലപ്പുഴ| rahul balan| Last Modified ബുധന്‍, 17 ഫെബ്രുവരി 2016 (17:33 IST)
ബി ഡി ജെ എസിന്റേത് അവസരവാദ രാഷ്‌ട്രീയമായിരിക്കുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇനിയുള്ള കാലം ആദര്‍ശ രാഷ്‌ട്രീയം വിലപ്പോകില്ലെന്നും ഒരു പാര്‍ട്ടിയോടും അയിത്തമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. എന്നാല്‍, വെള്ളാപ്പള്ളിയുമായി യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണനും കോണ്‍ഗ്രസ് കേന്ദ്രങ്ങളും വ്യക്തമാക്കി.

ദേശീയ - സംസ്ഥാന രാഷ്‌ട്രീയത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് വെള്ളാപ്പള്ളിയുടെ പുതിയ ചുവടു മാറ്റത്തിന് കാരണമെന്ന് വെള്ളാപ്പള്ളിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പുവരെ ബി ജെ പിയുടെ സഖ്യകക്ഷി ആയി തെരഞ്ഞെടുപ്പിനെ നേരിടാം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനുണ്ടായ മുന്നേറ്റം കേരളത്തിന്റെ രാഷ്‌ട്രീയചിത്രം ആകെ മാറ്റി മറിച്ചു.

കൂടാതെ, സോളാര്‍ കേസില്‍ സരിത കമ്മീഷന് മുമ്പില്‍ നടത്തിയ വെളിപ്പെടുത്തല്‍ രാഷ്‌ട്രീയ ആയുധമായി ഉപയോഗിക്കുന്നതില്‍ വിജയിച്ച എല്‍ ഡി എഫ് കൂടുതല്‍ കരുത്തരും ആയി. പ്രതിപക്ഷം എന്ന നിലയില്‍
ആദ്യത്തെ മൂന്നു വര്‍ഷങ്ങളില്‍ നടത്താത്ത പ്രകടനമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം സോളാര്‍ കേസ് ആയുധമാക്കി സി പി എമ്മിന്റെ നേതൃത്വത്തില്‍ എല്‍ ഡി എഫ് നടത്തിയത്. ഇതോടെ നിയമസഭ തെരഞ്ഞെടുപ്പില്‍ വ്യക്തമായ മുന്നേറ്റം നടത്തുമെന്ന സൂചനയാണ് എല്‍ ഡി എഫ് നല്‍കുന്നത്.

കേന്ദ്രത്തില്‍ എന്‍ ഡി എ അധികാരത്തില്‍ എത്തിയതും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി ജെ പി നടത്തിയ പ്രകടനവും ആണ് വെള്ളാപ്പള്ളിയെ ബി ജെ പിയോട് അടുപ്പിച്ചത്. എന്നാല്‍, ദേശീയതലത്തില്‍ അസഹിഷ്ണുത വിവാദവും ഹൈദരാബാദ് സര്‍വകലാശാലയിലെ സംഭവവും ബി ജെ പിയെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തില്‍ ബി ജെ പിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഫലത്തില്‍ തിരിച്ചടികള്‍ ഉണ്ടാക്കും എന്ന ആശങ്ക വെള്ളാപ്പള്ളിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഇടത് പാര്‍ട്ടികളെ ലക്ഷ്യമിട്ടുള്ള വെള്ളാപ്പള്ളിയുടെ പുതിയ നീക്കം.

എന്നാല്‍ ഇടത് - വലത് പര്‍ട്ടിയിലെ ചില നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറയുമ്പോഴും ഇതിനെ ശക്തമായി എതിര്‍ത്ത് കോടിയേരി ബാലകൃഷ്ണനും കോണ്‍ഗ്രസും രംഗത്തു വന്ന സാഹചര്യത്തില്‍ വെള്ളാപ്പള്ളിയുടെ പുതിയ നീക്കം ഫലം കാണില്ലെന്നുറപ്പാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :