ആര്‍ഭാട വിവാഹത്തിന് നികുതി ചുമത്തണമെത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മിഷന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 22 ഡിസം‌ബര്‍ 2023 (11:43 IST)
ആര്‍ഭാട വിവാഹത്തിന് നികുതി ചുമത്തണമെന്നു സര്‍ക്കാരിനു ശിപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. സ്ത്രീധനം സാമൂഹ്യ വിപത്ത്, നവ മാധ്യമങ്ങളും സ്ത്രീകളും എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് ബത്തേരി നഗരസഭ ഹാളില്‍ നടത്തിയ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. കേരളത്തിന്റെ സാമൂഹിക ചുറ്റുപാടില്‍ വിവാഹ നടത്തിപ്പിനെക്കുറിച്ചും സ്ത്രീധനത്തെക്കുറിച്ചുമുള്ള ധാരണകളില്‍ മാറ്റം വരണം. ആര്‍ഭാടപരമായി നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകണം. ഇതിന് നിയമപരമായ മാറ്റങ്ങള്‍ ഉണ്ടാവണം.

സമൂഹത്തില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ വെളിച്ചത്തില്‍ സ്ത്രീധന നിരോധനവുമായി ബന്ധപ്പെട്ട അധികൃതരുടെ ഒരു യോഗം ജനുവരിയില്‍ നടത്തും. യോഗത്തിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ആര്‍ഭാട വിവാഹങ്ങള്‍ക്ക് ആര്‍ഭാട നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് ശിപാര്‍ശ ചെയ്യുമെന്നും കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി. ചര്‍ച്ചയില്‍ നിയമ വിദഗ്ധരെയും പങ്കെടുപ്പിക്കും. ഒരാളുടെ വരുമാനത്തിന്റെ തോത് അനുസരിച്ചായിരിക്കണം വിവാഹ ചടങ്ങുകള്‍ നടത്തേണ്ടത്. അതില്‍ കൂടുതലായുള്ള ചെലവുകള്‍ വഹിക്കുമ്പോള്‍ നികുതി ഏര്‍പ്പെടുത്തണം. അങ്ങനെ വരുമ്പോള്‍ ചെലവ് ചുരുക്കാന്‍ നിര്‍ബന്ധിതരാകുമെന്നും കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :