സംസ്ഥാനത്തെ വിവിധ മത പാഠശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 1 ഏപ്രില്‍ 2022 (15:38 IST)
സംസ്ഥാനത്തെ വിവിധ മത പാഠശാലകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവായി. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യം ഉറപ്പു വരുത്തണം. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണം. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, പഞ്ചായത്ത് ഡയറക്ടര്‍, തിരുവനന്തപുരം നഗരാസൂത്രണ ഡയറക്ടര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ അംഗങ്ങളായ കെ.നസീറും
ബി.ബബിതയും നിര്‍ദ്ദേശം നല്‍കി.

നല്ലളത്ത് പ്രവര്‍ത്തിക്കുന്ന അല്‍ഫിത്റ ഇസ്ലാമിക് പ്രീ സ്‌കൂളില്‍ ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവരെ മാത്രമാണ് പ്രവേശിപ്പിക്കുന്നതെന്നും സ്‌കൂള്‍ സ്വന്തമായി സിലബസ് തയ്യാറാക്കുകയാണെന്നും ചൂണ്ടിക്കാട്ടി കമ്മീഷന് പരാതി ലഭിച്ചിരുന്നു. ഏതെങ്കിലും നിയമ ലംഘനമോ ബാലാവകാശ ലംഘനമോ സ്ഥാപനം നടത്തിയതായി കമ്മീഷന്‍ കണ്ടെത്തിയിട്ടില്ല. പ്രീപ്രൈമറി വിദ്യാഭ്യാസമാണ് സ്ഥാപനം നല്‍കുന്നത്. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമ പ്രകാരമുള്ള ലൈസന്‍സുമുണ്ട്.
എന്നാല്‍ സംസ്ഥാനത്തെ ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസ അവസരം നിഷേധിക്കപ്പെടാതിരിക്കാനാണ് കമ്മീഷന്റെ ഇടപെടല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :