ശ്രീനു എസ്|
Last Modified ശനി, 6 ഫെബ്രുവരി 2021 (21:18 IST)
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ പുതുതായി നിര്‍മിച്ച 18 ഹൈ ടെക്ക് സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. രണ്ടു സ്‌കൂള്‍ കെട്ടിടങ്ങള്‍ കിഫ്ബിയുടെ അഞ്ചുകോടി ചെലവഴിച്ചും നാലു കെട്ടിടങ്ങള്‍ കിഫ്ബിയുടെ മൂന്നുകോടി ചെലവഴിച്ചുമാണ് നിര്‍മിച്ചത്.
സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടുപയോഗിച്ചാണ് ബാക്കിയുള്ള 12 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും സര്‍വതലസ്പര്‍ശിയുമായ വികസനപ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നടന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തകര്‍ച്ചയുടെ വക്കിലെത്തിയ പൊതുവിദ്യാഭ്യാസ മേഖലയെ കരകയറ്റാന്‍ സര്‍ക്കാരിനു കഴിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമാണ്.
സമൂഹം മുന്നോട്ടുപോകാന്‍ എല്ലാവരും സമമായി മുന്നോട്ടുപോകണം. അതുകൊണ്ടാണ് പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കാന്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.