പരവൂര്‍ ദുരന്തം : കേന്ദ്രം അന്വേഷണ കമ്മിഷനെ നിയമിക്കും

പരവൂരില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തം വിശദമായി അന്വേഷിക്കാന്‍ കേന്ദ്രം കമ്മിഷനെ നിയോഗിക്കും

തിരുവനന്തപുരം, കൊല്ലം, പരവൂര്‍, വെടിക്കെട്ട്, മരണം thiruvananthapuram, kollam, paravur, fireworks, death
തിരുവനന്തപുരം| സജിത്ത്| Last Updated: ചൊവ്വ, 12 ഏപ്രില്‍ 2016 (10:03 IST)
പരവൂരില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തം വിശദമായി അന്വേഷിക്കാന്‍ കേന്ദ്രം കമ്മിഷനെ നിയോഗിക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടന്‍തന്നെ ഉണ്ടാവും. ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ് ഡോ സുദര്‍ശന്‍ കമാലിന്റെ നേതൃത്വത്തിലുള്ള സംഘം പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കി. ഉടന്‍തന്നെ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് സമര്‍പ്പിക്കും. ഇതിനുശേഷമായിരിക്കും വിശദമായ അന്വേഷണത്തിനായി കമ്മിഷനെ നിയോഗിക്കുക.

എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് മത്സരക്കമ്പം നടത്തിയതെന്ന് ഡോ സുദര്‍ശന്‍ കമാലും സംഘവും തിങ്കളാഴ്ച പരവൂരില്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഉഗ്ര സ്‌ഫോടകശേഷിയുള്ള വസ്തുക്കളാണ് ഇവിടെ ഉപയോഗിച്ചത്. തകര്‍ന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ചീളുകള്‍ തറച്ചാണ് ഭൂരിഭാഗം പേരും മരിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന് പുറമെയാവും ഈ അന്വേഷണം നടത്തുക. സ്‌ഫോടനത്തിനിടെ പരക്കംപാഞ്ഞവരുടെ ചവിട്ടേറ്റും ചിലര്‍ മരിച്ചിട്ടുണ്ട്. കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌ഫോടകവസ്തുക്കളുടെ പ്രയോഗം നിയന്ത്രിക്കുന്നത്. വന്‍തോതില്‍ നാശനഷ്ടമുണ്ടായ അപകടമെന്ന നിലയ്ക്കാണ് കേന്ദ്രം അന്വേഷണ കമ്മിഷനെ നിയമിക്കുന്നത്.

ചീഫ് കണ്‍ട്രോളര്‍ ഡോ സുദര്‍ശന്‍ കമലിന് പുറമെ, ചെന്നൈയിലെ ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഡോ എ കെ യാദവ്, തെലങ്കാനയുടെ ചുമതലയുള്ള ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ആര്‍ വേണുഗോപാല്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 2008ലെ കേന്ദ്ര സ്‌ഫോടകവസ്തുച്ചട്ടം അനുസരിച്ചാണ് പ്രദര്‍ശന കരിമരുന്നുപ്രയോഗത്തിന് ലൈസന്‍സ് നല്‍കുന്നത്. അതുകൊണ്ടു തന്നെ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെങ്കിലോ വെടിക്കെട്ട് നിരോധിക്കണമെങ്കിലോ കേന്ദ്ര ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്‍. ഇതിനായി സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യാന്‍ സാധിക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :