രേണുക വേണു|
Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (08:31 IST)
ഒരു മാസം മുന്‍പ് തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു. കോഴിക്കോട് പേരാമ്പ്ര കൂത്താളി രണ്ടേ ആറില്‍ പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. ഇവര്‍ പേവിഷബാധയ്‌ക്കെതിരായ വാക്‌സിനെടുത്തിരുന്നു. മരണം പേവിഷബാധയേറ്റു തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും സ്ത്രീയുടെ രക്ത സാംപിളുകള്‍ കൂടുതല്‍ വിദഗ്ധമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അന്തിമ പരിശോധനഫലം വന്നാല്‍ മാത്രമേ പേവിഷബാധയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ.
കഴിഞ്ഞ മാസം 21 നാണ് വീടിനു അടുത്തുള്ള വയലില്‍ വെച്ച് ചന്ദ്രികയുടെ മുഖത്ത് പട്ടി കടിച്ചത്. എട്ടോളം പേര്‍ക്ക് അന്ന് തെരുവുനായയുടെ കടിയേറ്റിരുന്നു. മുഖത്ത് കടിയേറ്റതാണ് ചന്ദ്രികയുടെ അവസ്ഥ ഗുരുതരമാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
പത്ത് ദിവസം മുന്‍പാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചന്ദ്രികയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പേവിഷബാധ ലക്ഷണങ്ങള്‍ ചന്ദ്രിക കാണിച്ചിരുന്നു. ശനിയാഴ്ച രാത്രിയാണ് ചന്ദ്രിക മരിച്ചത്.