സോളാര്‍ തട്ടിപ്പിലെ ഉമ്മന്‍ചാണ്ടിയുടെ തനിനിറം വ്യക്തമായി: കോടിയേരി

സോളാര്‍ തട്ടിപ്പ് കേസ് , സരിത എസ് നായര്‍ , മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , ഫെനി ബാലകൃഷ്ണന്‍
തിരുവനന്തപുരം| jibin| Last Modified വെള്ളി, 19 ജൂണ്‍ 2015 (13:58 IST)
സോളാര്‍ തട്ടിപ്പ് കേസില്‍ പുറത്ത് വരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ തനി നിറമാണ് പുറത്തു വന്നിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇനി ഒരു നിമിഷം പോലൂം മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനല്ല. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ത്ത് കേസെടുക്കണമെന്നും കോടിയേരി പറഞ്ഞു.

സ്വതന്ത്രമായ കേസന്വേഷണത്തെ ബാധിക്കുന്നതിനാല്‍ ഉമ്മന്‍ചാണ്ടി തല്‍സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. കേസ് സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കണം. കേരളത്തില്‍ യുഡിഎഫ് ഭരണം അഴിമതിയുടെ പര്യായമായി മാറിയിരിക്കുകയാണ്. സരിതയ്ക്ക് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പണം നല്‍കിയത് ഉമ്മന്‍ചാണ്ടിയാണെന്ന ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഗൌരവമുളളതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ നിഷേധാത്മക സമീപനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. കേരളത്തില്‍ ഇതുവരെ ഒരു മുഖ്യമന്ത്രിയും നേരിടാത്ത ആരോപണങ്ങളാണ് ഉമ്മന്‍ചാണ്ടി നേരിടുന്നത്. ഇതു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷണന്‍ ആവശ്യപ്പെട്ടു.

സോളാര്‍ അഴിമതി മൂടിവെയ്ക്കാനും പറഞ്ഞൊതുക്കാനും ഉമ്മന്‍ചാണ്ടിയാണ് പണം നല്‍കിയതെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണനാണ് പറഞ്ഞത്. സരിതക്ക് പണം എത്തിച്ച എംഎല്‍എമാരായ ബെന്നി ബെഹന്നാന്‍, തമ്പാനൂര്‍ രവി, മന്ത്രിമാരായ അടൂര്‍ പ്രകാശ്, കെ സി വേണുഗോപാല്‍, ആര്യാടന്‍ മുഹമ്മദ്, എപി അബ്ദുള്ള ക്കുട്ടി എംഎല്‍എ എന്നിലവര്‍ക്കെതിരെയും കേസെടുക്കണം. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഉന്നയിക്കുന്ന അഴിമതിയാരോപണങ്ങള്‍ ശരിവെക്കുന്നതാണ് വെള്ളിയാഴ്ച്ച രാവിലെ മുതല്‍ പറത്തു വരുന്ന മാധ്യമ റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :