സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാര്‍ക്ക് പ്രതിമാസം ധനസഹായം: 3.03 കോടി ധനവകുപ്പ് അനുവദിച്ചു

ശ്രീനു എസ്| Last Modified വെള്ളി, 8 ജനുവരി 2021 (11:07 IST)
സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച സാമൂഹ്യ സുരക്ഷ മിഷന്റെ സ്നേഹ സ്പര്‍ശം പദ്ധതിക്ക് ധനവകുപ്പ് 3,03,48,000 രൂപയുടെ അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരാകുന്നവര്‍ കുടുംബങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്നു. ഇത്തരക്കാര്‍ക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി ഇവരെ പുനരധിവസിപ്പിക്കുന്നതിന് നടപ്പാക്കുന്ന പദ്ധതിയാണ് സ്നേഹസ്പര്‍ശം.

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അവിവാഹിതരായ അമ്മമാര്‍ക്ക് മാത്രമുണ്ടായിരുന്ന ആനുകൂല്യം മറ്റ് വിവാഹിതരല്ലാത്ത അഗതികളായ അമ്മമാര്‍ക്കും ലഭിക്കുന്ന രീതിയില്‍ ഭേദഗതി വരുത്തിയിരുന്നു . നിലവില്‍ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബവുമായി കഴിയുന്നവര്‍ക്കോ ആനുകൂല്യം ലഭിക്കില്ല. അപേക്ഷ ഫോം ബന്ധപ്പെട്ട സാമൂഹ്യനീതി വകുപ്പ് ഓഫീസുകളിലും സാമൂഹ്യ സുരക്ഷാമിഷന്‍ വെബ്സൈറ്റിലും ലഭിക്കും. അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസര്‍ക്കോ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്കോ നല്‍കണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :