എ കെ ജെ അയ്യര്‍|
Last Modified ഞായര്‍, 14 മാര്‍ച്ച് 2021 (11:41 IST)
ശബരിമല:
ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രനട മീനമാസ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തുറക്കും. എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് നാളെ മുതലാണ് പ്രവേശനം അനുവദിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതിദിനം പതിനായിരം പേര്‍ക്കാണ് ദര്‍ശനത്തിനു അനുവാദമുള്ളത്.
മീനമാസ പൂജകളുടെ തുടര്‍ച്ചയായി ഇത്തവണ ക്ഷേത്രത്തിലെ ഉത്സവവും നടക്കുന്നുണ്ട്. അതിനാല്‍ ഭക്തര്‍ക്ക് നാളെ മുതല്‍ മാര്‍ച്ച് 28 വരെ ദര്‍ശനത്തിനു സൗകര്യമുണ്ടാകും.പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിനു 19 നു രാവിലെ ഏഴേകാലിനും എട്ടിനും മഥേ തന്ത്രി കണ്ഠരര് രാജീവരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറും.
പൂജകള്‍ക്ക് മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി സഹകാര്‍മികത്വം വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാവും ഉത്സവ നടത്തിപ്പ്. എന്നാല്‍ ആചാരപരമായ ചടങ്ങുകള്‍ക്ക് മാറ്റമില്ല. ശ്രീഭൂതബലി, മുളപൂജ, ഉത്സവബലി, വിലക്കിനെഴുന്നള്ളിപ്പ് എന്നീ ചടങ്ങുകളും ഉണ്ടാവും. ഇരുപതു മുതല്‍ ഇരുപത്തേഴു വരെ ഉത്സവബലി ഉണ്ടാവും.
പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് ഇരുപത്തേഴിനാണ്. അന്നേ ദിവസം തിരിച്ചെത്തി ശ്രീകോവിലിനു പുറത്താവും അയ്യപ്പ സ്വാമിയുടെ പള്ളിയുറക്കം. ഇരുപത്തെട്ടിന് പമ്പയില്‍ ആറാട്ട് നടക്കും. തിരിച്ചു സന്നിധാനത്തേക്ക് എഴുന്നള്ളിയ ശേഷം ഉത്സവം കൊടിയിറക്കും. തുടര്‍ന്ന് രാത്രി പത്ത് മണിക്ക് നട അടയ്ക്കും.